മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്തു, വി.ഡി സതീശന്‍ എല്‍.ഡി.എഫിലേക്ക് പോകുമോ എന്ന് കെ.വി തോമസ്

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തത് ചോദ്യം ചെയ്ത് കെ വി തോമസ്. പ്രതിപക്ഷ നേതാവടക്കം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇത് ശരിയാണോ എന്ന് കെ വി തോമസ് ചോദിച്ചു. എനിക്കൊരു നീതി മറ്റുള്ളവര്‍ക്ക് വേറെ നീതി. ആ സമീപനം ശരിയല്ലെന്നാണ് എഐസിസി നേതൃത്വത്തെ അറിയിച്ചതെന്ന് കെ വി തോമസ് വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് പോയി. വിഡി സതീശന്‍ എല്‍ഡിഎഫിലേക്ക് പോകുമോ എന്ന് കെ വി തോമസ് ചോദിച്ചു.

പി.സി.വിഷ്ണുനാഥ് എ.ഐ.വൈ.എഫിന്റെ ദേശീയ സെമിനാറില്‍ പങ്കെടുത്തു. അത് എഐസിസിയുടെ അനുമതി വാങ്ങിച്ചിട്ടാണോ. അല്ലെങ്കില്‍ കെപിസിസി അനുമതി നല്‍കിയോ. കെപിസിസി നിര്‍ദ്ദേശം അനുസരിച്ചാണോ വിഷ്ണുനാഥ് സെമിനാറിന് പോയതെന്നു അദ്ദേഹം ചോദിച്ചു.

അതേസമയം പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തിന് കെ വി തോമസ് നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക് സമിതി യോഗം ഇന്ന് ചേരും. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.