പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി ഐ.പി.എസ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി ഐ പി എസ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. പണം ആവശ്യപ്പെട്ട് സന്ദേശമയച്ചവര്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാണ് കേസെടുത്തത്. പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രം വ്യാജമായി ഉപയോഗിച്ച് 8099506915 എന്ന നമ്പറില്‍ നിന്ന് ആഗസ്റ്റ് 3 ന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചതായി ജയനാഥ് പറഞ്ഞു. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ഇത്തരം വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളതായി സൂചനയുണ്ട്.

ഐപിസി 419 (ആള്‍മാറാട്ടം നടത്തി വഞ്ചന), 468 (വഞ്ചനയ്ക്ക് വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിച്ചത്), ഐടി ആക്ട് സെക്ഷന്‍ 66 സി ( വ്യാജമായ ഇലക്ട്രോണിക് ഒപ്പ്, പാസ്വേഡ് അല്ലെങ്കില്‍ യുണീക് ഐഡി ഐഡന്റിഫിക്കേഷന്‍ എന്നിവ ഉപയോഗിക്കുക) എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസ് എടുത്തിരിക്കുന്നത്്.

ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് പട്ജോഷിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തില്‍ സൈബര്‍ പോലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ കളക്ടര്‍ നരസിംഹുഗരി ടി എല്‍ റെഡ്ഡിയുടെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ പേരില്‍ ആരോ ഉണ്ടാക്കിയ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്് ഉപയോഗിച്ച് കൊല്ലത്തെ അധ്യാപികയില്‍ നിന്നും ചിലര്‍ 14 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ചിത്രം ഉപയോഗിച്ച് ആരോ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിക്കുന്നതായി സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.