അട്ടപ്പാടി മധു കേസ്; പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടു, ഫോണ്‍വിളികളുടെ രേഖകകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍

അട്ടപ്പാടി മധുവധക്കേസില്‍ പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ഫോണിലൂടെ സംസാരിച്ചതിന്റെ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. 11 പ്രതികള്‍ 13 സാക്ഷികളെയാണ് ഫോണില്‍ വിളിച്ചത്.

പ്രതികളായ മരയ്ക്കാര്‍, ഷംസുദീന്‍, നജീബ്, സജീവ് തുടങ്ങിയവരാണ് കൂടുതല്‍ തവണ സാക്ഷികളുമായി ബന്ധപ്പെട്ടത്. പ്രതികളുമായി അടുപ്പം പുലര്‍ത്തിയ 8 പേര്‍ ഇതുവരെ കൂറുമാറി. സാക്ഷികളെ കാണുകയോ വിളിക്കുകയോ ചെയ്യരുതെന്ന വ്യവസ്ഥയോടെ ആയിരുന്നു 2018ല്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഹര്‍ജി ഈ മാസം 16ന് പരിഗണിക്കും.

അതേസമയം മരിച്ച മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയിലാണ് നടപടി.

ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പൊലീസ് പറഞ്ഞു.