മാര്‍ച്ചിനിടെയില്‍ പൊലീസിനെ ആക്രമിച്ചു; ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ മാര്‍ച്ചിലാണ് സംഘഷമുണ്ടായത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കോട്ടയം ഈസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ ഉള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഒമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് നടപടി തീരുമാനിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്‌ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.