കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് എതിരെ ആക്രമണം

കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചു എന്നാണ് പരാതി. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. ഇന്ദിരാ ഗാന്ധി ആശുപത്രിയുടെ അഞ്ചാം നിലയിൽ ഉള്ള മമ്പറം ദിവാകരന്റെ മുറിയിൽ ആയിരുന്നു സംഭവം.

ഇന്ദിര ഗാന്ധി ആശുപത്രിയുടെ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ തിരിച്ചറിയൽ കാർഡ് വാങ്ങുന്നതിന് വേണ്ടി വന്ന അഞ്ചു പേരാണ് മമ്പറം ദിവാകരനെ ആക്രമിച്ചത്. സാജിദ്, ഫൈസൽ, സന്ദീപ് കോടിയേരി തുടങ്ങിയവർക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസ് എടുത്തിരിക്കുന്നത്. മമ്പറം ദിവാകരന്റെ പരാതിയിലാണ് കേസ്.

Read more

മമ്പറം ദിവാകരനെ മുറിയിൽ ചെന്ന് അസഭ്യം പറയുകയും ശേഷം കസേര ഉപയോഗിച്ച് അടിച്ചു എന്നുമാണ് പരാതി. എന്നാൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണോ എന്ന് വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.