അതീവ സുരക്ഷയിലും സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പ് തുടര്‍ക്കഥയാവുന്നു; എ.ടി.എം ഇടപാടില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടും കേരളത്തില്‍ വീണ്ടും എ.ടി.എം തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഡോക്ടറിന് ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ റേഡിയേഷന്‍ വിഭാഗം ഡോക്ടറായ മുഹമ്മദ് ഷാബിറിന് പണം നഷ്ടമായത് 15 മിനിട്ടിന്റെ ഇടവേളകളിലായിട്ടാണ്.

ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് മാത്രം നഷ്ടമായത് പതിമൂന്നര കോടി രൂപ. 298 പേരാണ് ഇവിടെ തട്ടിപ്പിനിരയായത്. ഒ.ടി.പി നമ്പര്‍ പോലും നല്‍കാതെയാണ് തട്ടിപ്പ് നടക്കുന്നത്. ഒ.ടി.പി നമ്പര്‍ നല്‍കാതെ 20 ലേറെ കേസുകളാണ് സംസ്ഥാന നഗരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുവരെ ഒരാളെ പോലും പിടികൂടാന്‍ കേരളാ പൊലീസിന് സാധിച്ചിട്ടില്ല.

അതീവസുരക്ഷയില്‍ ബാങ്കുകള്‍ പുറത്തിറക്കിയ ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിച്ച് പണം തട്ടുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. രണ്ടുമാസം മുമ്പ് എറണാകുളത്തും കോട്ടയത്തുമായി എട്ടോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഗ്‌നറ്റിക് സ്ട്രിപ്പ് പതിപ്പിച്ച കാര്‍ഡുകള്‍ക്ക് സുരക്ഷ പോരെന്നു കാട്ടിയാണ് എ.ടി.എം കാര്‍ഡുകളില്‍ ചിപ്പ് ഘടിപ്പിച്ചത്. ഇവയില്‍ നിന്ന് പണം തട്ടുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ് സംസ്ഥാന സൈബര്‍ സെല്‍.

കാര്‍ഡ് ക്ലോണിങ്ങിലൂടെയോ തരംഗങ്ങളിലൂടെയുണ്ടാകുന്ന വിവരങ്ങള്‍ ശേഖരിച്ചോ പണം തട്ടാനാണ് സാദ്ധ്യതയെന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. തരംഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഡീകോഡ് ചെയ്ത് രഹസ്യം ചോര്‍ത്താം. ആരു ചോദിച്ചാലും കാര്‍ഡിന്റെ വിവരങ്ങള്‍ പുറത്ത് പറയരുതെന്നും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും സൈബര്‍ സെല്‍ നിര്‍ദേശിക്കുന്നു. മുന്‍കാലങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചു കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ബാങ്കിന്റെ വിശ്വാസ്യതയെ കൂടി ചോദ്യം ചെയ്യുന്നതിലേക്കാണ് എ.ടി.എം തട്ടിപ്പ് കൊണ്ടെത്തിക്കുന്നത്. ഒ.ടി.പി നമ്പര്‍ പോലും ആവശ്യപ്പെടാതെ എ.ടി.എം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ ബാങ്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായും സംശയമുയരുന്നു.

ഇതോടെ എടിഎം സ്‌കിമിങ്ങ് തടയുന്നതിന് ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണോ എന്ന ചോദ്യവും ഉയരുകയാണ്. എ.ടി.എം സ്‌കിമിങ്ങ് തടയുന്നതിന്  ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. തട്ടിപ്പ് തടയാന്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ എടിഎമ്മുകളില്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും ആര്‍.ബി.ഐ മുന്നോട്ടു വെച്ചിരുന്നു.

എം.ടി.എം വഴി പണമിടപാട് നടത്തുമ്പോള്‍ പരമാവധി സൂക്ഷിക്കുക എന്നതു മാത്രമാണ് നിലവിലെ പോംവഴി. തട്ടിപ്പിനിരയായെന്ന് കണ്ടാല്‍ ഉടനടി ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക. 24 മണിക്കൂറിനുള്ളില്‍ ബാങ്കില്‍ പരാതി നല്‍ക്കുകയാണ് വേണ്ടത്.

എ.ടി.എം ഇടപാടില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പണം പിന്‍വലിക്കാന്‍ എ.ടി.എമ്മില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഇടപാട് നടത്തരുതെന്നാണ് ജാഗ്രതാനിര്‍ദേശം.

പിന്‍ നമ്പര്‍ രണ്ടു തവണ നല്‍കാന്‍ നിര്‍ദേശം ലഭിച്ചാലും ഇടപാടുമായി മുന്നോട്ടു പോകരുത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി എ.ടി.എം മെഷീന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറിയിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണം.

എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ലഭിക്കാന്‍ എടിഎം മെഷീനില്‍ അനധികൃതമായി ഹിഡന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

എ.ടി.എം മെഷീനില്‍ അസാധാരണമായി പ്ലാസ്റ്റിക് കഷണങ്ങളോ മറ്റോ കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുക.

എ.ടി.എം പിന്‍ ടൈപ്പ് ചെയ്യുമ്പോള്‍ ചോര്‍ത്തുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ചുറ്റും നിരീക്ഷിക്കുക.