അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം രോഗി മരിച്ചതിനു പിന്നില്‍ അപൂര്‍വ്വമായി തലച്ചോറിലുണ്ടാകുന്ന ഗുരുതരമായ രക്തസ്രാവമാണ് കാരണമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

51 കാരനായ രോഗി 2018 മുതല്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കരളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വരാപ്പുഴയില്‍  വാഹനാപകടത്തില്‍ പെട്ട യുവാവിന്റെ മസ്തിഷ്‌ക്ക മരണം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്ഥിരീകരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കപ്പെട്ടത്.

യുവാവിന്റെ ബന്ധുക്കള്‍ അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗ് (കനോസ് ) അധികാരികളെ വിവരമറിയിച്ചു. തുടര്‍ന്നാണ് കരള്‍മാറ്റ ശസ്ത്രക്രിയ നടക്കുന്നത്. അതേസമയം തന്നെ, വാഹനാപകടത്തില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ മറ്റ് അവയവങ്ങള്‍ “കനോസ്” പട്ടികയിലെ ഗവണ്‍മെന്റ് ആശുപത്രികളടക്കമുള്ള മറ്റ് ആശുപത്രികളിലെ രോഗികള്‍ക്ക് കൈമാറുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ 51കാരന് തലച്ചോറിലുണ്ടായ അതീവ ഗുരുതരമായ രക്തസ്രാവം മൂലം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

“കനോസ്” നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍ അടക്കമുള്ള നാലംഗ ഡോക്ടര്‍സമിതി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തി ആറ് മണിക്കൂര്‍ ഇടവിട്ടുള്ള രണ്ട് പരിശോധനകള്‍ക്കു ശേഷം മസ്തിഷ്‌ക്കമരണം സ്ഥിരീകരിക്കുകയും, അവയവദാനത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു. ബന്ധുക്കള്‍ തന്നെയാണ് അദ്ദേഹത്തിന്റെ അവയവം ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത അറിയിച്ചത്.

“കനോസ്” നിര്‍ദേശപ്രകാരം വൃക്കകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് അനുവദിച്ചു. അനുകൂല സാഹചര്യമല്ലാതിരുന്നതിനാല്‍ വൃക്കകള്‍ സ്വീകരിക്കുന്നതില്‍ നിന്നും ആസ്റ്റര്‍ മെഡ്‌സിറ്റി പിന്‍മാറിയതിനെ തുടര്‍ന്ന് അവ മറ്റൊരു ആശുപത്രിയിലെ രോഗികള്‍ക്ക് കനോസ് നിര്‍ദേശപ്രകാരം കൈമാറി. എന്നാല്‍ ശസ്ത്രക്രിയയിലൂടെ 51കാരനായ രോഗിയില്‍ മാറ്റിവെയ്ക്കപ്പെട്ട കരള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ പട്ടികപ്രകാരം മുന്‍പന്തിയിലുണ്ടായിരുന്ന ഗവണ്‍മെന്റ് ആശുപത്രികളടക്കമുള്ളവ മുന്നോട്ട് വന്നില്ല. ഈ സാഹചര്യത്തിലാണ് “കനോസ്” ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു രോഗിക്ക് കരള്‍ അനുവദിക്കുന്നത്. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ച് കരള്‍  മാറ്റിവെയ്ക്കുകയായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ഈ ശസ്ത്രക്രിയകള്‍ വിജയമാക്കിയതിന് കനോസിന്റെ പ്രത്യേക പ്രശംസ ലഭിച്ചതായും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു.