നിയമസഭ തിരഞ്ഞെടുപ്പിൽ 37 സീറ്റുകള്‍ വേണമെന്ന ബി.ഡി.ജെ.എസിന്‍റെ ആവശ്യം തള്ളി ബിജെപി; പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നല്‍കണമെന്ന ബിഡിജെഎസിന്റെ ആവശ്യം തള്ളി ബിജെപി. ബിഡിജെഎസിന് ഇക്കുറി 20 സീറ്റുകളില്‍ താഴെ മാത്രമേ നല്‍കൂ. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.

കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, നാട്ടിക, കുട്ടനാട്, തിരുവല്ല, തൊടുപുഴ സീറ്റുകളാകും തിരിച്ചെടുക്കുക. ബിഡിജെഎസിന് ഇരുപതില്‍ സീറ്റുകളില്‍ താഴെ മാത്രമായിരിക്കും ഇത്തവണ ലഭിക്കുക.

37 സീറ്റുകള്‍ നല്‍കില്ലെങ്കില്‍ 30 സീറ്റുകളെങ്കിലും വേണമെന്ന ആവശ്യം ബിഡിജെഎസ് ഉന്നയിച്ചെങ്കിലും അതും തള്ളിക്കളഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്ക് പകരം മറ്റ് സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം അംഗീകരിച്ചില്ല.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  37 സീറ്റുകളില്‍ ബിജെഡിഎസ് മത്സരിച്ചിരുന്നു.  ബിഡിജെഎസിന്റെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന കൂടുതല്‍ സീറ്റുകളെക്കുറിച്ച് ബിജെപി വൈകാതെ തീരുമാനമെടുക്കും.