ഷാജഹാന്‍ വധം; കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ബാറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതക സംഘത്തിലെ മൂന്ന് പേരാണ് ബാറിലെത്തിയത്. ചന്ദ്ര നഗറിലെ ബാറിലാണ് നവീന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത്. 9:50 നാണ് പ്രതികളിലെ മൂന്ന് പേര്‍ ബാറില്‍ എത്തിയത്. 10:20 വരെ ബാറില്‍ തുടര്‍ന്നു. ബൈക്കിലെത്തിയ ഇവര്‍ മദ്യപിച്ച ശേഷം ഇവിടെ നിന്നും ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നവീന്‍ പിടിയിലായതിന് പിന്നാലെയാണ് ബാറിലെത്തിയിരുന്ന വിവരം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അന്വേഷണസംഘം ബാറിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസിലെ എട്ട് പ്രതികളും പിടിയിലായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. രണ്ട് പേരെ ഇന്നലെ രാവിലെയും ആറ് പേരെ വൈകുന്നേരത്തോടെയുമാണ് പിടികൂടിയത്. ഷാജഹാന്റെ കയ്യിലും കാലിലും ആഴത്തിലുള്ള മുറിവേറ്റിരുന്നെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Read more

ഓഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസന്വേഷണത്തിന് പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെ നിയാഗിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും എട്ട് പ്രതികളാണുള്ളതെന്നുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും എഫ്‌ഐആറില്‍ പറയുന്നു.