അസമിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനനനിരക്ക് തടയാൻ "ജനസംഖ്യ സേന"

അസമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ വിതരണം ചെയ്യാനും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അസമിൽ “പോപ്പുലേഷൻ ആർമി (ജനസംഖ്യ സേന)” നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. ആസമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആയിരത്തോളം വരുന്ന സേനയെ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ ഉണ്ടായ ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഹിമന്ത ബിശ്വ ശർമ്മയുടെ ജനസംഖ്യ നിയന്ത്രണ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് വലിയ വിർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്, മാത്രമല്ല മറ്റൊരു ബിജെപി ഭരണ സംസ്ഥാനമായ ഉത്തർപ്രദേശിൽ സമാനമായ ശ്രമങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്തിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗർഭനിരോധന മാർഗ്ഗങ്ങൾ വിതരണം ചെയ്യുന്നതിനും ആയിരത്തോളം യുവാക്കൾ പ്രവർത്തനം നടത്തും. ആശ (അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകർ) തൊഴിലാളികളുടെ പ്രത്യേക തൊഴിൽ സേനയെ സൃഷ്ടിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു, ഇവരെയും ജനന നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗർഭനിരോധന ഉറകൾ നൽകുന്നതിനും ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2001 മുതൽ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വർധന 10 ശതമാനമായിരുന്നുവെങ്കിൽ മുസ്ലീങ്ങൾക്കിടയിൽ ഇത് 29 ശതമാനമായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കുറഞ്ഞ ജനസംഖ്യ കാരണം വിശാലമായ വീടുകളും വാഹനങ്ങളും കുട്ടികൾ ഡോക്ടർമാരും എഞ്ചിനീയർമാരുമായി മാറുന്നതിനാൽ അസമിലെ ഹിന്ദുക്കളുടെ ജീവിതശൈലി മെച്ചപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ നിഗമനത്തിൽ മുഖ്യമന്ത്രി എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെ ന്യൂനപക്ഷ ജനതക്കിടയിൽ “ജനസംഖ്യാ വിസ്ഫോടനം” ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറയുന്നു.

സ്വമേധയാ വന്ധ്യംകരണം നടത്തുക, സർക്കാർ നടത്തുന്ന ക്ഷേമപദ്ധതികൾ ലഭിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് രണ്ട്-ശിശു പരിധി നടപ്പിലാക്കുക എന്നിവയാണ് ഈ നടപടികളുടെ ഒരു ഭാഗം.

“ഉയർന്ന ജനസംഖ്യ കാരണം പടിഞ്ഞാറൻ, മധ്യ അസമിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ അപ്പർ ആസമിലെ ജനങ്ങൾക്ക് മനസിലാവില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഉയർന്ന ജനസംഖ്യയുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.