നാടിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാന്‍ ഉക്രൈനില്‍ നിന്ന് എത്തിയവരോട് ചോദിക്കൂ: വി. മുരളീധരന്‍

കേരളത്തിന് വേണ്ടി താന്‍ എന്താണ് ചെയ്തത് എന്നറിയണമെങ്കില്‍ ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥകളോട് ചോദിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോടിയേരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫെഡറല്‍ തത്വം പറഞ്ഞ് വിരട്ടാന്‍ ശ്രമിക്കണ്ട. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരെ പോയി കാണുന്നതിന് സിപിഎം എന്തിനാണ് വേവലാതിപ്പെടുന്നത് കേന്ദ്രമന്ത്രി ചോദിച്ചു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നത് സിപിഎമ്മാണ്. സിപിഎം പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കുന്നില്ല. ഗവര്‍ണറെ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം തുടരും.പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹിക ആഘാത പഠനത്തിനും ഡിപിആര്‍ തയാറാക്കാനും മാത്രമാണ് നിലവിലെ അനുമതിയെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ല. കേരളം വിഹിതം വാങ്ങാതിരിക്കുകയാണ് എന്ന കേന്ദ്രമന്ത്രിയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more

സില്‍വര്‍ ലൈന് എതിരായ മുരളീധരന്റെ നീക്കങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണ്. വില കുറഞ്ഞ സമീപനമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.