എ.എസ്.ഐയുടെ പെരുമാറ്റം സംസ്ഥാന പൊലീസിന് നാണക്കേട്: ഡി.ഐ.ജി റിപ്പോർട്ട്

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും എഎസ്ഐ അധിക്ഷേപിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാർഡാം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇയാളോട് നേരിട്ട് വിശദീകരണം തേടണമെന്നും ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ റിപ്പോർട്ടിൽ പറയുന്നു. നടപടികളുടെ ഭാഗമായി ഇയാളെ ബറ്റാലിയനിലേക്കു പരിശീലനത്തിനായി അയച്ചിരിക്കുകയാണ്.

പരാതിക്കാരൻ പ്രകോപിപ്പിച്ചു എന്ന എഎസ്ഐയുടെ വിശദീകരണം നിലനിൽക്കില്ല. ഗോപകുമാർ പരാതിക്കാരനായ സുദേവൻ നെടുമങ്ങാടിൻറെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല. മേലുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശിപാര്‍ശ ചെയ്തു. മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗോപകുമാർ സ്റ്റേഷനിലെത്തിയത്. അതിനിടെ പ്രകോപിതനായി മോശം വാക്കുകൾ ഉപയോഗിച്ചത് ന്യായീകരിക്കാനാകില്ല. ഡ്യൂട്ടിയിലിരിക്കേ മഫ്തി വേഷത്തിൽ സ്റ്റേഷനിലേക്കു വന്നതു തെറ്റാണ്. സിവിൽ ഡ്രസിൽ പോകേണ്ട ഡ്യൂട്ടിയിലായിരുന്നില്ല ഗോപകുമാർ. എഎസ്ഐയുടെ പ്രവർത്തനം പൊലീസ് സേനയ്ക്കു ചേരാത്തതാണെന്നും സേനയെ അപകീർത്തിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവൻ നെടുമങ്ങാട് ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബപ്രശ്നത്തിൽ പരാതി നൽകാനെത്തിയ സുദേവനെയും മകളെയും എഎസ്ഐ ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഗോപകുമാറിനുള്ള ശിക്ഷാനടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിനെതിരെയും വിമർശനം ഉയർന്നിരുന്നു.