അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റായേക്കും, സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി, അങ്കമാലിയില്‍ രാഹുല്‍ - ഗെലോട്ട് രഹസ്യകൂടിക്കാഴ്ച

അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റായേക്കും. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. രാഹുല്‍ ഗാന്ധിയും അശോക്‌ഗെലോട്ടും തമ്മില്‍ കൊച്ചിയില്‍ നടന്ന രഹസ്യ ചര്‍ച്ചയിലാണ് ഈ തിരുമാനമുണ്ടായതെന്നറിയുന്നു. അങ്കമാലിയിലെ ഒരു സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണമെന്നുള്ള കേരളാ നേതാക്കളടക്കമുളളവരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനക്കിടയിലാണ് അശോക് ഗെലോട്ടുമായി ചര്‍ച്ച നടന്നത്.

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി് ഗെലോട്ടിന് മുന്നില്‍ വച്ചത്. ആദ്യം ഇക്കാര്യത്തില്‍ കടുത്തഅസംതൃപ്തിയുണ്ടായെങ്കിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ അശോക് ഗഹെലോട്ടിന് അവസാനം വഴങ്ങേണ്ടി വന്നു. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ ഗെഹലോട്ട് ഏറെക്കുറെ സമ്മതിച്ചിരുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ അങ്കമാലിയില്‍ വച്ച് ഗെലോട്ടുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തിരുമാനമുണ്ടായത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം സ്വീകരിക്കാമെന്നും ഗെഹലോട്ട് രാഹുല്‍ ഗാന്ധിക്ക് ഉറപ്പ് നല്‍കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലങ്കില്‍ ബി ജെ പി അദ്ദേഹത്തെ തട്ടിയെടുക്കമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും രാജസ്ഥാന്‍ പിടിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് ബി ജെ പി. അതിനിടയില്‍ സച്ചില്‍ പൈലറ്റിനെ ബി ജെ പിയിലേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടായാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതാണ് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിക്കൊണ്ട് സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തിരുാനിച്ചത്.