'കേരളത്തില്‍ ബൂത്ത് തലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തും, ലോകസഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കും'

കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കേജ്രിവാള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.

കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തും. 2024 ലോകസഭ ഇലക്ഷനിലും 2025 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2026 നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കും. നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നും കേജ്‌രിവാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

വാര്‍ഡ് തലത്തില്‍ എഎപിയുടെ കമ്മിറ്റികള്‍ രൂപീകരിച്ചായിരിക്കും തുടര്‍ പ്രവര്‍ത്തനം. നിലവില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികള്‍ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ച് അടിസ്ഥാന തലത്തില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കവെ ട്വന്റി20യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനസംഗമത്തില്‍ കെജ്‌രിവാള്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് കിഴക്കമ്പലത്ത് വച്ച നടക്കുന്ന പൊതു സമ്മേളനത്തില്‍ കെജ്‌രിവാള്‍ പ്രസംഗിക്കും. ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടുന്ന സഖ്യത്തിന്റെ സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടും ഇന്നത്തോടെ വ്യക്തമാകും.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെ എയര്‍ വിസ്താര വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കെജ്രിവാളിന് ആം ആദ്മി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.