'സംവരണ വിരുദ്ധ മാഫിയ'ക്ക് എതിരെ ലേഖനം: കെ. എസ് മാധവന് കാരണംകാണിക്കൽ നോട്ടീസ്

ഇന്ത്യയിലെ സർവകലാശാലകളിൽ നടക്കുന്ന സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദളിത് ചിന്തകനും പ്രഭാഷകനുമായ ഡോ. കെ.എസ് മാധവന് കാരണംകാണിക്കൽ നോട്ടീസ് നൽകി കാലിക്കറ്റ് സർവകലാശാല. ഇടതുപക്ഷ ചിന്തകനായ പ്രൊഫ. പി.കെ പോക്കറുമായി ചേർന്ന് കെ.എസ് മാധവൻ ഏപ്രിൽ 21ന് “മാധ്യമം” എഡിറോറിയൽ പേജിലെഴുതിയ “സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ” എന്ന ലേഖനത്തിനെതിരെയാണ് നടപടി.

കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര പഠനം വകുപ്പിലെ അസോഷ്യേറ്റ് പ്രൊഫസറായ മാധവന് വെള്ളിയാഴ്ച്ച കിട്ടിയ മെമ്മോയിൽ ഒരാഴ്ച്ചക്കകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാൽ കേരള സർവീസ് ചട്ടങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ച് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലുള്ളത്.

രാജ്യത്തെ സർവകലാശാലകൾ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നാണ് കെ.എസ്. മാധവനും പി.കെ പോക്കറും “മാധ്യമ”ത്തിലെ ലേഖനത്തിൽ അഭിപ്രായപ്പെടുന്നത്. ദളിത്, ആദിവാസി വിഭാഗങ്ങളോടും മുസ്ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളൽ സമീപനമാണ് സർവകലാശാലകൾ കാണിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. കാലിക്കറ്റിൽ അധ്യാപക നിയമനത്തിൽ സി.പി.എം സിൻഡിക്കേറ്റ് സംവരണ അട്ടിമറി നടത്തുന്നതായ ആക്ഷേപത്തിനിടെയാണ് ലേഖകനം വന്നിരിക്കുന്നത്. ഇതാണ് പ്രതികാര നടപടിക്കൊരുങ്ങുന്നത്തിന് സി.പി.എം സിൻഡിക്കേറ്റിനെയും സർവകലാശാലയെയും പ്രേരിപ്പിച്ചിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയെക്കുറിച്ച് ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മീഷൻ വിശദീകരണം തേടിയിരിക്കുകയാണ് എന്ന വാചകമാണ് ലേഖനത്തിൽ പ്രസ്തുത സർവകലാശാലയെക്കുറിച്ചുള്ളത്. ഇതാകട്ടെ സത്യവിരുദ്ധമായ കാര്യവുമല്ല. സംവരണ അട്ടിമറിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Read more

സംവരണം സുതാര്യമായി നടപ്പാക്കുകയെന്നത് സർക്കാർ നയമാണ്. ഇന്ത്യൻ സർവകലാശാലകളിൽ സംവരണ അട്ടിമറി നിരന്തരം നടക്കുന്നുണ്ട്. താനും പോക്കർ മാഷും വർഷങ്ങളായി പഠിക്കുന്ന കാര്യങ്ങളാണ് എഴുതിയത്. സർവകലാശാലക്ക് കളങ്കമുണ്ടാക്കുന്നതൊന്നും എഴുതിയിട്ടില്ലെന്നും. തെറ്റ് തിരുത്താനുള്ള മാർഗങ്ങളാണ് ലേഖനത്തിൽ പറയുന്നതെന്നും കെ.എസ്. മാധവൻ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്തു.