എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസിലെ അറസ്റ്റ്; വയനാട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കേസിന്റെ അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിക്കണം. വീണ്ടും അന്വേഷണം നടത്തണമെന്നുമാണ് പാര്‍ട്ടി ഉന്നയിക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്കും എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

പിഎ രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ് ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലാ നേതൃയോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

എം പി ഓഫിസില്‍ അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം.