2016-ൽ 38,519 വോട്ടിന്റെ ഭൂരിപക്ഷം, 2019-ൽ 648 വോട്ടിന് പിന്നിൽ; അരൂരിൽ എൽ.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത് ഇതാണ്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ അരൂർ അസംബ്ലി മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാൻ 648 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. ഇതാണ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ആശങ്ക ഉയർത്തുന്ന ഫാക്ടർ. മണ്ഡലത്തിലെ എം എൽ എ തന്നെ മത്സര രംഗത്തുണ്ടായിട്ടും പിന്നോക്കം പോയി എന്നത് ശ്രദ്ധേയമാണ്. എം എൽ എ എന്ന നിലയിൽ ആരിഫിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ നെഗറ്റീവായ പ്രതികരണമാണ് ഇതിനു കാരണമെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. 2016- ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ആരിഫ് നേടിയത് 38,519 വോട്ടിന്റെ ഭൂരിപക്ഷമാണ്. അതുകൊണ്ട് 2019-ലെ പാർലമെന്റ് ഇലക്ഷനിൽ ഷാനിമോൾ 648 വോട്ടിന്റെ ഭൂരിപക്ഷം നേടിയെന്നത് നിർണായകമായ ചൂണ്ടുപലകയാണ്. ഇതുതന്നെയാണ് ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നതും. ആലപ്പുഴ ലോക്സഭാ സീറ്റിൽ 10,474 വോട്ടിന് ആരിഫ് ജയിച്ചു കയറിയപ്പോഴും സ്വന്തം അസംബ്ലി മണ്ഡലം അദ്ദേഹത്തെ പിന്തുണച്ചില്ല എന്നത് ഇവിടെ നിർണായകമാണ്. വാസ്തവത്തിൽ അരൂരിൽ കുറഞ്ഞത് 10,000 വോട്ടിന്റെ മുൻ‌തൂക്കം നേടാൻ കഴിയുമെന്നാണ് എൽ ഡി എഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടിയിരുന്നത്.

എന്നാൽ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ തനിക്ക് നേട്ടമാകുമെന്നും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയില്ലെന്നുമാണ് ഇടതു മുന്നണി സ്ഥാനാർത്ഥി മനു സി പുളിക്കൽ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഷാനിമോൾക്ക് ഇവിടെ പ്രത്യേകിച്ച് ഒരു പരിചയപെടുത്തലിന്റെ ആവശ്യം വരുന്നില്ലെന്നും അതുകൊണ്ട് യു ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പി. ടി തോമസ് എം എൽ എ വ്യക്തമാക്കി. എൽ ഡി എഫ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള അതൃപ്തി ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈഴവ വിഭാഗം എൽ ഡി എഫിനോട് അകൽച്ച പാലിക്കുന്നതും ഇത്തവണയും ഇവിടെ ഇടതുസ്ഥാനാർത്ഥിക്ക് പ്രതികൂലമാവുകയാണ്.

എന്നാൽ കേന്ദ്രത്തിലെ ബി ജെ പി സർക്കാരിനെതിരായ വികാരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമായതാണ് അരൂരിലെ  തിരിച്ചടിക്ക് കാരണമെന്നാണ് സി പി ഐ എമ്മിന്റെ വിലയിരുത്തൽ. അത് ഇക്കുറി മറികടക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. പക്ഷെ പൊരിഞ്ഞ പോരാട്ട ചൂടിലും ആ 648 വോട്ട് ലീഡ് എങ്ങനെ വന്നു എന്നത് സി പി ഐ എമ്മിന് ഉൾകൊള്ളാൻ കഴിയുന്നില്ല. തീർച്ചയായും ലീഡ് എടുക്കുമെന്ന് കരുതിയ സ്ഥാനത്ത് മറിച്ച് സംഭവിച്ചത് അവരെ തെല്ല് അലോസരപ്പെടുത്തുന്നുണ്ട്.