പുകയുന്ന അഗ്നിപർവ്വതമായി അരൂരിലെ ഇടതുമുന്നണി

അരൂരിൽ ഇടതുമുന്നണിയിൽ പുറമേയ്ക്ക് എല്ലാം ശാന്തമാണെങ്കിലും ഉള്ളിൽ അങ്ങനെയല്ലെന്നാണ് ഉപശാലകളിലെ വർത്തമാനങ്ങൾ. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഉടലെടുത്ത തർക്കങ്ങൾ സാങ്കേതികമായി പരിഹരിക്കപ്പെട്ടുവെങ്കിലും അതിന്റെ അസ്വാരസ്യങ്ങൾ നിഗൂഢമായി പ്രചാരണത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിവരം. ഉപതിരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പും ശേഷവും സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്ന പേരുകളെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ വെള്ളത്തിൽ വരച്ച വര പോലെയായി. ഏറെക്കുറെ അപ്രതീക്ഷിതമായി യുവനേതാവ് മനു സി. പുളിക്കൽ സ്ഥാനാർത്ഥിയാവുകയും ചെയ്തു. ഇതിൽ സി പി ഐ എമ്മിനുള്ളിൽ പുകയുന്ന അമർഷം പൂർണമായും പരിഹരിക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ചില കേന്ദ്രങ്ങൾ പറഞ്ഞു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുതിർന്ന നേതാവ് സി ബി ചന്ദ്രബാബുവിന്റെ പേരിനായിരുന്നു മുൻ‌തൂക്കം. ജില്ലാ കമ്മറ്റി സെക്രട്ടറി ആർ നാസർ ഉൾപ്പടെയുള്ളവരുടെ ശക്തമായ പിന്തുണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം തന്നെ അരൂരിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രവർത്തകരും ഉറച്ച വിശ്വസിച്ചിരുന്നു.
ദീർഘകാലമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുന്ന ചന്ദ്രബാബുവിന് ആലപ്പുഴ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള അവസരം മാത്രമാണ് പാർട്ടി നൽകിയിട്ടുള്ളത്. അന്ന് അദ്ദേഹം കെ. സി വേണുഗോപാലിനോട് 19,407 വോട്ടിനാണ് തോറ്റത്. 2019-ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നുവെങ്കിലും എ. എം ആരിഫിനെയാണ് പാർട്ടി പരിഗണിച്ചത്. ഇതിൽ അതൃപ്തി ഉയർന്നുവെങ്കിലും ആരിഫ് ജയിച്ചാൽ അരൂർ സീറ്റ് ചന്ദ്രബാബുവിനെന്ന് അനൗദ്യോഗിക ധാരണയുണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ട് ചന്ദ്രബാബു എന്ന ഒറ്റപ്പേര് മാത്രമായിരുന്നു ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചത്. ഇടയ്ക്ക് മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജന്റെ പേരും ഉയർന്നു വന്നിരുന്നു. എന്നാൽ ഇവിടെയൊന്നും ഉയർന്നു കേൾക്കാത്ത ഒരാളാണ് അരൂരിൽ സ്ഥാനാർത്ഥിയാവുന്നത്.

മന്ത്രി ജി സുധാകരനാണ് മനു സി. പുളിക്കലിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ നിർണായക ഘടകമായത്. സുധാകരൻ – തോമസ് ഐസക് ഗ്രൂപ്പ് വൈരത്തിന് പേര് കേട്ട ആലപ്പുഴയിൽ തന്റെ ഉറച്ച അനുയായി സ്ഥാനാർത്ഥിയായി വരട്ടെ എന്നതായിരുന്നു സുധാകരന്റെ തന്ത്രം. അതോടെ പൊലിഞ്ഞത് ചന്ദ്രബാബുവിന്റെ സ്വപ്നങ്ങളാണ്. താരതമ്യേന പ്രായവും പ്രവർത്തന പാരമ്പര്യവുമുള്ള അദ്ദേഹത്തെ തഴഞ്ഞു നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ പുതുമുഖത്തെ സ്ഥാനാർത്ഥിയാക്കിയത് മണ്ടത്തരമായെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ കരുതുന്നു. കാരണം ഷാനിമോൾ ഉസ്മാനെ പോലെ കരുത്തയായ ഒരു സ്ഥാനാർത്ഥിയെ നേരിടാൻ പരിചയസമ്പന്നൻ തന്നെ വേണമായിരുന്നുവെന്നാണ് ഇവരുടെ അഭിപ്രായം.

Read more

ചന്ദ്രബാബുവിന്റെ കാര്യത്തിൽ ഇനി അവസരങ്ങൾ കുറവാണെന്നതും അമർഷത്തിന് ഒരു കാരണമാണ്. 2021-ൽ നടക്കുന്ന അസംബ്ലി ഇലക്ഷനിൽ അദ്ദേഹത്തിന്റെ സാദ്ധ്യത എത്രത്തോളമെന്നതും ഒരു പ്രശ്നമാണ്. അദ്ദേഹത്തെ ഒഴിവാക്കിയത് ജാതീയമായ ഒരു തിരിച്ചടിക്ക് കാരണമായേക്കുമോ എന്ന ആശങ്ക ഇപ്പോൾ ഇടതു ക്യാമ്പിലുണ്ട്. മനു സി പുളിക്കലിന്റെ കുടുംബക്കാർ പുന്നപ്ര – വയലാർ സമരത്തിൽ കർഷകത്തൊഴിലാളികളെ വെടി വെച്ച് വീഴ്ത്തിയ പട്ടാളക്കാർക്ക് അത്താഴ വിരുന്ന് നൽകിയെന്ന ആക്ഷേപം മണ്ഡലത്തിൽ ചർച്ചയായ സാഹചര്യത്തിൽ ചന്ദ്രബാബു വിഷയവും നിർണായക ഘടകമാവുകയാണ്. പ്രത്യേകിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫ് 648 വോട്ടിന്റെ ലീഡ് നേടിയ സാഹചര്യത്തിൽ നിർണായകമാണ് അരൂരിലെ ഓരോ വോട്ടും.