അരൂരിൽ ആലത്തൂർ ആവർത്തിക്കുമോ എന്ന് എൽ.ഡി.എഫിന് ആശങ്ക

അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൊടിപൂരമായി കൊട്ടിക്കയറുമ്പോൾ അരൂർ മണ്ഡലത്തിലെ ജനവിധി ഏറെ നിർണായകമാവുകയാണ്. കാരണം അഞ്ചിൽ എൽ ഡി എഫിന്റെ ഏക സിറ്റിംഗ് സീറ്റ് ഇതാണ്. അതുകൊണ്ട് അരൂരിൽ തോൽക്കുന്നത് ഇടതുമുന്നണിക്ക് ചിന്തിക്കാവുന്നതിന് അപ്പുറമാണ്. മണ്ഡലം തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ് പ്രവർത്തകർ. അതുകൊണ്ട് കൊടുമ്പിരിക്കൊണ്ട പ്രചാരണമാണ് ഇക്കുറി ഇരുമുന്നണികളും അരൂരിൽ നടത്തുന്നത്.
എന്നാൽ ഇത്തവണ സമർത്ഥയായ സ്ഥാനാർത്ഥി എതിരാളിയായി വന്നത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഷാനിമോൾ ഉസ്മാനോപ്പം ഓടിയെത്താൻ കഴിയുന്നില്ലെന്ന പരാതിയാണ് യു ഡി എഫ് പ്രവർത്തകർക്കുള്ളത്. അരൂരിൽ ഇക്കുറി വിജയക്കൊടി പാറിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം.

ദുരൂഹതകൾ നിറഞ്ഞ ഒരു കേസും ഒരു മന്ത്രിയുടെ നാക്കുപിഴവുകളും മണ്ഡലത്തിൽ യു ഡി എഫിന് പെട്ടെന്ന് മേൽകൈ കിട്ടാൻ കാരണമായതായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു. റോഡ് പണി തടസ്സപെടുത്തിയതിന്റെ പേരിൽ ഷാനിമോൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത് ജനങ്ങൾക്ക് മടുപ്പുളവാക്കിയ നീക്കമായി നിരീക്ഷകർ കരുതുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം എടുത്ത ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തോടെ എടുത്തതാണെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു.
അതുപോലെ മന്ത്രി ജി. സുധാകരൻ ഷാനിമോൾക്കെതിരെ നടത്തിയ പൂതന പ്രയോഗവും എൽ ഡി എഫിന് തിരിച്ചടിയായിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്കെതിരെ, അതും ഒരു വനിതക്കെതിരെ നടത്തിയ ഈ അനാവശ്യ പരാമർശത്തിൽ സി പി ഐ എം അണികൾക്ക് തന്നെ അമർഷമുണ്ട്. ആലത്തൂരിൽ രമ്യ ഹരിദാസിനെതിരെ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശം പോലെയായി ഇത്. അതുകൊണ്ടാണ് കൂടുതൽ ദോഷം വരാതിരിക്കാൻ വേണ്ടി സി പി ഐ എം നേതൃത്വം ചാടി വീണ് സുധാകരനെ തള്ളിയത്. എന്നാൽ ഇത് ഒരു അനാവശ്യ പ്രയോഗമാണെന്നാണ് പൊതുവെ വോട്ടർമാർക്കിടയിലെ വിലയിരുത്തൽ.

യു ഡി എഫ് സ്ഥാനാർത്ഥിയുടെ മതം പറഞ്ഞു വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയതും വോട്ടർമാർക്കിടയിൽ അമര്‍ഷമുളവാക്കിയിട്ടുണ്ട്. ഷാനിമോൾ, കാന്തപുരത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന അദ്ദേഹത്തിന്റെ പ്രസ്തവനയും ഇവിടെ ചർച്ചാവിഷയമാണ്. വർഷങ്ങളായി ആലപ്പുഴ ജില്ലയുടെ പൊതുജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഷാനിമോൾ ഉസ്മാൻ എല്ലാത്തരത്തിലുള്ള മതവിഭാഗീയതകൾക്കും അതീതയായ ജനകീയ നേതാവാണെന്ന് വോട്ടർമാർ പറഞ്ഞു. അവരുടെ പൊതുജീവിതത്തെ അത്തരത്തിൽ ഇകഴ്ത്തി കാണിച്ചതിൽ അവർക്ക് ശക്തമായ അമർഷമുണ്ട്. ഇത് വോട്ടെടുപ്പിൽ പ്രതിഫലിച്ചേക്കുമെന്ന ആശങ്ക ഇടതു കേന്ദ്രങ്ങളിലുണ്ട്. പിന്നീട് വെള്ളാപ്പള്ളി നിശ്ശബ്ദത പാലിക്കുന്നത് ഈ ആശങ്ക അദ്ദേഹത്തെ അറിയിച്ചതിനാലാണെന്നാണ് റിപ്പോർട്ടുകൾ. ഷാനിമോൾക്കെതിരെ വർഗ്ഗീയ കാർഡ് വിലപ്പോവില്ലെന്ന് ഇടതുമുന്നണി വ്യക്തമായി തിരിച്ചറിയുന്നുണ്ട്.

Read more

മൂന്ന് തവണ എം എൽ എ ആയെങ്കിലും എ. എം ആരിഫിന് അരൂർ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും പ്രചാരണരംഗത്ത് ശക്തമാണ്. ഏതായാലും ഇക്കുറി അരൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന വിലയിരുത്തലാണ് മണ്ഡലത്തിൽ നടത്തിയ സന്ദർശനത്തിൽ നിന്ന് വ്യക്തമാകുന്നത്.