എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; കെ.ടി ജലീല്‍

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി ജലീല്‍ എം.എല്‍.എ.

സഹകരണ വകുപ്പിന്റെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

ഇഡിയുടെ അന്വേഷണം വേണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടില്ല. ഇഡി അന്വേഷിക്കേണ്ട ആവശ്യമില്ല എന്നുള്ളത് എനിക്ക് അറിയാം. ഏത് ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പറയേണ്ടത് താന്‍ അല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇഡി വിളിപ്പിച്ചത് ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്. എനിക്ക് അറിയാവുന്ന കാര്യവും അറിയിച്ചു. എനിക്ക് കിട്ടിയ രേഖകള്‍ ഇഡിക്ക് കൈമാറുകയും ചെയ്തു.

ചന്ദ്രികയിലെ പണമിടാപാട് ഗൗരവമുള്ളതാണ്. അടുത്ത 16ന് പി.കെ കുഞ്ഞാലിക്കുട്ടിയെയും 17ന് മുനീര്‍ അലി ശിഹാബ് തങ്ങളെയും ഇഡി വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിട്ടല്ല സന്ദര്‍ശിച്ചതെന്നും കെ.ടി ജലീല്‍ വിശദീകരിച്ചു. സാധാരണ മുഖ്യമന്ത്രിയെ പോയി കാണാറുണ്ട്. മന്ത്രിയായ കാലം മുതലേ ഉള്ള പതിവാണ്. അതാണ് ഇപ്പോഴും ഉണ്ടായതെന്നും കെ.ടി ജലീല്‍ പറഞ്ഞു.