പിണറായി വിരുദ്ധര്‍ക്ക് ഒരുമിക്കാന്‍ പേടി, ജി സുധാകരനു പിന്തുണ നല്‍കാനും ആരുമില്ല, എല്ലാ എതിര്‍പ്പും ഒറ്റപ്പെട്ട ശബ്ദങ്ങളിലൊതുങ്ങുന്നു

മുഖ്യമന്ത്രിയുടെ നവകേരളാ സദസില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസും ഡി വൈ എഫ് ഐ യും നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്ത മുന്‍ മന്ത്രി ജി സുധാകരനെ രഹസ്യമായി പിന്തുണക്കുന്ന നേതാക്കള്‍ സി പി എമ്മില്‍ അനവധിയുണ്ടെങ്കിലും പരസ്യമായി രംഗത്ത് വരാന്‍ എല്ലാവര്‍ക്കും ഭയം.

ഇടതു മുന്നണി കണ്‍വീനര്‍ ഇ പിജയരാജന്‍, പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി, മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവരൊക്കെ ജി സുധാകരന്റെ അതേ അഭിപ്രായം ഉള്ളവരാണ്. എന്നാല്‍ ആര്‍ക്കും തന്നെ അത് പരസ്യമായി പറയാനുള്ള ധൈര്യമില്ല. പാര്‍ട്ടിയിലെ തന്റെ എതിരാളികള്‍ക്കെതിരെ എക്കാലവും കടുത്ത നിലപാട് കൈക്കൊണ്ടിട്ടുള്ള പിണറായി വിജയനെ പിണക്കാന്‍ പിണറായി വിരുദ്ധര്‍ എന്നവകാശപ്പെടുന്ന ഇവര്‍ക്കാര്‍ക്കും യാതൊരു ധൈര്യവുമില്ല.

നവകേരളാ സദസിനെതിരെ തെരുവോരങ്ങളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിനൊപ്പം ഡി വൈ എഫ് ഐയും ആക്രമണം നടത്തിയതിനെതിരെയാണ് ജി സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സുധാകരന്റെ അഭിപ്രായം തന്നെയാണ് സി പി എമ്മിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ അവര്‍ക്കാക്കും സുധാകരനെ പിന്തുണക്കാനും കഴിയുന്നില്ല. നവകേരളാ സദസിന്റെ നിറം കെടുത്തിയതിന് പിന്നില്‍ ഡി വൈ എഫ് നടത്തിയ ആക്രമണങ്ങളും അതിന് മുഖ്യമന്ത്രി നല്‍കിയ പിന്തുണയുമാണെന്ന വികാരമാണ് സി പി എമ്മിലെ പ്രമുഖ പിണറായി വിരുദ്ധ നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ ഈ നിലപാട് പരസ്യമായി എടുക്കാന്‍ അവര്‍ ഭയക്കുകയും ചെയ്യുന്നു.

ഡി വൈ എഫ് ഐ അക്രമങ്ങളെ പിണറായി വിജയന്‍ പിന്തുണച്ചത് പാര്‍ട്ടിക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയെന്നാണ് ഈനേതാക്കളില്‍ പലരും കരുതുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമങ്ങളെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയും ചെയ്തിരുന്നു. വി എസിന്റെ കാലത്തും നയനാരുടെ കാലത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡി വൈ എഫ് ഐക്കാരും സി പി എമ്മുകാരും മര്‍ദ്ദനം അഴിച്ചുവിടാറുണ്ടെങ്കിലും മുഖ്യമന്ത്രിമാര്‍ അത്തരം മര്‍ദ്ധനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് എടുക്കാറില്ല. എന്നാല്‍ ഇവിടെ പിണറായി ഡി വൈ എഫ് ഐ നടത്തിയ ആക്രമത്തെ പരസ്യമായി പിന്തുണക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് വലിയ അവമതിപ്പുണ്ടാക്കുമെന്നാണ് പിണാറായി വിരുദ്ധരായ നേതാക്കളെല്ലാം കരുതുന്നത്.

Read more

ഇത്തരത്തിലുള്ള അഭിപ്രായമൊക്കെയുണ്ടെങ്കിലും പിണറായിക്കെതിരെ തങ്ങള്‍ നിലയുറപ്പിക്കുന്നുവെന്ന് പുറത്തറിഞ്ഞാല്‍ അത് വലിയ പ്രത്യഘാതമുണ്ടാക്കുമെന്ന ഭയവും ഇവര്‍ക്കുണ്ട്. അത് കൊണ്ട് തന്നെ ജി സുധാകരന്‍ പറഞ്ഞിതനോട് അനുഭാവം ഉണ്ടെങ്കിലും അതിനെ പരസ്യമായി പിന്തുണച്ച് പിണറായിയുടെ വിരോധം വാങ്ങിവക്കേണ്ട എന്ന നിലപാടിലാണ് ഈ നേതാക്കളെല്ലാം.