എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങിനെ ആയിരുന്നില്ലെന്ന് അനില്‍ അക്കര

ആലത്തൂരില്‍ വ്യത്യസ്തമായ പ്രചാരണ രീതികളുമായി വാര്‍ത്തയില്‍ ഇടം പിടിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ച് രംഗത്തു വന്ന ദീപാ നിശാന്തിന് മറുപടിയുമായി അനില്‍ അക്കരെ എംഎല്‍എ. “ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിംഗര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടതെന്നായിരുന്നു” ദീപാ നിശാന്തിന്റെ പരിഹാസം.

“യുജിസി നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല. അതില്‍ തെറ്റുമില്ല. കാരണം യുജിസി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത്. സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങിനെ ആയിരുന്നില്ല. അവര്‍ക്ക് ഇങ്ങിനെയാകാനും കഴിയില്ലെന്നുമാണ്” എംഎല്‍എയുടെ മറുപടി

അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ദീപ ടീച്ചറെ, പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല,

എന്റെ നാല്‍പ്പത്തിമൂന്നില്‍ ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്.

അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല. എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം.

യു ജി സി നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല. അതില്‍ തെറ്റുമില്ല.

കാരണം യുജിസി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത്. സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ

എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല. അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല.


ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.” രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും” എന്നാണ് അവകാശവാദം.ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.
രണ്ടാമത്തെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ബഹു. എം എല്‍ എ ശ്രീ.അനില്‍ അക്കരയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.
ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.
“ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!
രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്‍ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ” എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍.