മൂന്ന് ദിവസത്തിനിടെ 302 പേർക്ക് കോവിഡ്; അഞ്ചുതെങ്ങിൽ സ്ഥിതി അതീവ ​ഗുരുതരം

തിരുവനന്തപുരം അഞ്ചുതെങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ടെസ്റ്റിൽ 476- ൽ 125 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 302 പേർക്ക്.

നേരത്തേ ടെസ്റ്റുകൾ കുറവാണെന്ന് ആക്ഷേപമുണ്ടായിരുന്ന അഞ്ചുതെങ്ങ് മേഖലയിൽ കൂടുതൽ പേരെ പരിശോധിച്ചപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 444 പേരെ പരിശോധിച്ചതിൽ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.

പ്രദേശത്ത് വലിയ ക്ലസ്റ്റർ രൂപപ്പെട്ടതായും അതിതീവ്ര വ്യാപനം നടന്നതായും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രദേശത്തെ ജനങ്ങളിൽ നാലിലൊന്നിനും രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ സമൂഹ വ്യാപനത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയതായുള്ള ആശങ്ക ഉയരുന്നുണ്ട്. ക്ലസ്റ്ററിന് പുറത്തേയ്ക്കും രോഗവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 104 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ പ്രതിദിനം അമ്പത് പേരെ പരിശോധിക്കുമ്പോൾ 15ഓളം പേർക്ക് ‌രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ അഞ്ചുതെങ്ങിൽ മൂന്ന് മരണമുണ്ടായിട്ടുണ്ട്.