അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും യോഗം . രാവിലെ പത്ത് മണിക്കാണ് യോഗം. മഴക്കെടുതി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തും.

ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയർത്തും. പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക് എത്തി. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.

പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായ ലെവലിനെക്കാള്‍ മുകളിലാണെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശത്തു പെയ്യുന്ന ശക്തമായ മഴയില്‍ ഡാമുകളുടെ ശേഷി കവിഞ്ഞുള്ള കനത്ത ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തുവിടുന്നതാണ് നല്ലത് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുകയുണ്ടായി.