കേരളത്തിലെ നിരത്തിലൂടെ ഓരോ അഞ്ചു മിനിറ്റിലും ഒരു ആംബുലന്‍സ്; കാരണം മനസിലായെന്ന് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ നിരത്തിലൂടെ ചീറിപ്പായുന്ന ആംബുലന്‍സുകള്‍ കണ്ട് വിസ്മയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ കടന്നുപോയ റോഡുകളില്‍ ഓരോ അഞ്ചു മിനിറ്റിലും ഒരു ആംബുലന്‍സ് എന്ന കണക്കിന് ചീറിപ്പായുന്നത് കാണുന്നുണ്ടെന്നും ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു എന്നും രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ താന്‍ തിരിച്ചറിഞ്ഞ കാര്യം ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണ്. അപകടമുണ്ടാക്കുംവിധം ആംബുലന്‍സുകളുടെ ചീറിപ്പായല്‍ അമ്പരപ്പിച്ചു. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

ആദ്യം ഞാന്‍ കരുതിയത് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതാണ് കാരണമെന്നാണ്. എന്നാല്‍ അതല്ല ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇത്രയും അപകടങ്ങള്‍ക്ക് കാരണമെന്നാണ് മനസ്സിലായത്.

എല്‍.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. ഇപ്പോള്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കില്‍ മുന്‍കാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുത്ത് പരിഹരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. രാവിലെ ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാകും യാത്ര തുടങ്ങുക. നാവായിക്കുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തു വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടക്കുക.

പാരിപ്പള്ളി മുക്കടയില്‍ യാത്രയ്ക്ക് ഡിസിസി സ്വീകരണം നല്‍കും. 10 മണിക്ക് ചാത്തന്നൂരിലാകും രാവിലത്തെ പദയാത്ര സമാപിക്കുക. ചാത്തന്നൂരില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി സംവദിക്കും.