പ്രളയത്തിന് കാരണം അതിവര്‍ഷം തന്നെ: അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി

മഹാപ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നുവെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വെച്ചാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവെച്ചിട്ടുണ്ട്.

പ്രളയമുണ്ടായപ്പോള്‍ ഡാമുകള്‍ തുറന്നു വിട്ടതില്‍ വീഴ്ചയുണ്ടായെന്നായിരുന്നു അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ല. ജലനിരപ്പ് നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നടക്കം മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും ഇതൊന്നും പരിഗണിക്കുകയോ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയില്ലെന്നും ഇതെല്ലാമാണ് മഹാപ്രളയത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഡാം മാനേജ്‌മെന്റില്‍ പാളിച്ചകളുണ്ടെന്നും പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും തുടക്കം മുതല്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.