സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന ആലുവ കീഴ്മാട് സ്വദേശിയാണ് മരിച്ചത്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 82 ആയി.

ലോട്ടറി വില്‍പ്പനക്കാരനായ ഗോപി ഹൃദ്രോഗബാധിതനാണ്. അടുത്തിടെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഗോപിയുടെ നില ഏതാനും ദിവസങ്ങളായി വഷളായി തുടരുകയായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചാണ് കീഴ്മാട് സ്വദേശി മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ച് എട്ട് മരണങ്ങളാണ് സംഭവിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.