തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ നികുതി 2.75 കോടിയില്‍ നിന്ന് 35 ലക്ഷത്തിലേയ്ക്ക് കുറച്ച സര്‍ക്കാര്‍ തീരുമാനം തള്ളി ആലപ്പുഴ നഗരസഭ

Advertisement

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോര്‍ട്ടിനു നികുതിയിളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി ആലപ്പുഴ നഗരസഭ. നഗരസഭ ചുമത്തിയ നികുതി വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് നഗരസഭ തള്ളിയത്. ചട്ടം ലംഘിച്ച ലേക്ക് പാലസിന് 2.75 കോടി രൂപയാണ് നഗരസഭ ചുമത്തിയിരുന്നത്. ഇതിനെതിരെ ചാണ്ടിയുടെ കമ്പനിയുടെ അപ്പീല്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തുക 35 ലക്ഷത്തിലേക്ക് കുറച്ചത്.

ഇതാണ് സര്‍ക്കാരിന്റെ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കടന്നുകയറ്റമായി കണ്ട് കൗണ്‍സില്‍ തിരുത്തിയത്. അനധികൃത നിര്‍മ്മാണം ക്രമവത്കരിക്കാര്‍ ശുപാര്‍ശ ചെയ്ത നഗരകാര്യ റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ രാജുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി. ലേക്ക് പാലസിന് രണ്ട് മാസത്തേക്ക് താത്കാലിക ലൈസന്‍സ് നല്‍കും.
ലേക് പാലസ് റിസോര്‍ട്ടിലെ 22 കെട്ടിടങ്ങള്‍ക്ക് വിസ്തീര്‍ണത്തില്‍ കുറവ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കെട്ടിടങ്ങളുടെ വിസ്തീര്‍ണം കൂട്ടി. ഈ കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് റിസോര്‍ട്ട് ആരംഭിച്ച 2002 മുതലുള്ള കെട്ടിട നികുതി നല്‍കണമെന്നാണ് നഗരസഭയുടെ ആവശ്യം. കൂടാതെ, പൂര്‍ണമായും അനധികൃതമാണെന്ന് കണ്ടെത്തിയ 10 കെട്ടിടങ്ങള്‍ക്കും 2002 മുതലുള്ള നികുതിയും പിഴയും അടയ്ക്കണമെന്നാണ് നഗരസഭയുടെ നിലപാട്. ഇങ്ങനെയാണ് 2.75 കോടി രൂപ നികുതിയിനത്തില്‍ അടയ്ക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരിക്കുന്നത്.