മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ ആരോപണം, തെളിവുകള്‍ ഇന്ന് പുറത്തു വിടും: മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തു വിടും. ഇതു സംബന്ധിച്ച് ഇന്ന് 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനമുണ്ടാവുമെന്നാണ് വിവരം.

ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് കൂപ്പറുമായി ബന്ധമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്.വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ പിഡബ്ല്യുഡി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു.

വിവാദമായതോടെ വെബ്സൈറ്റ് നീക്കി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വാക്കുകള്‍ മാറ്റിയെന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.
സഭയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് മാത്യൂ കുഴല്‍നാടന്‍ വ്യക്തമാക്കി.

തെളിവ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെയേ മുഖ്യമന്ത്രി കണ്ടിട്ടുള്ളു. തന്നെ ആ ഗണത്തില്‍ കൂട്ടണ്ടെന്നും അദ്ദേഹം പറഞ്ഞു.