'പൂതന' പരാമര്‍ശം; മന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ “പൂതന” എന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി ജി. സുധാകരന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആലപ്പുഴ ഡി.സി.സി എം ലിജു. സ്വതന്ത്ര നിരീക്ഷകരെ വെച്ച് വിഷയം അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാനിമോള്‍ ഉസ്മാനെ വ്യക്തിഹത്യ നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വ്യക്തിഹത്യ ആരോപണത്തില്‍ പരാതിക്കാരി ഷാനിമോള്‍ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസ് ആണെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അടുത്ത ദിവസം തുടര്‍നടപടി തീരുമാനിക്കും.

Read more

ഇതിനിടെ പൂതന പരാമര്‍ശത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുഖപത്രത്തിനു എതിരെ മന്ത്രി ജി സുധാകരന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.