പൊട്ടനും, ചട്ടനും, ആലപ്പുഴ പാര്‍ട്ടിയിലെ കലാപവും

വര്‍ഷങ്ങളായി സിപിഐഎമ്മിനകത്തെ പടലപിണക്കങ്ങളില്‍ സംസ്ഥാനത്തെ തന്നെ ശ്രദ്ധാകേന്ദ്രമാണ് ആലപ്പുഴ. ഒരു കാലഘട്ടത്തില്‍ സംസ്ഥാന നേതൃത്വത്തെ തന്നെ പിടിച്ചു കുലുക്കിയ വിഎസ് പിണറായി പക്ഷ പോരിനും പേര് കേട്ട ആലപ്പുഴ. പുന്നപ്ര വയലാര്‍ ചരിത്രമുറങ്ങുന്ന ആലപ്പുഴയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ വീണ്ടും കലാപ കലുഷിതമായിരിക്കുകയാണ്.

സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരായ രണ്ടു മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാളയത്തില്‍ പട വീണ്ടും സജീവമായി. ഏറ്റവുമൊടുവില്‍ കായംകുളത്തു നിന്നാണ് വിലാപമുയര്‍ന്നത്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരിക്കെ തന്നെ പാര്‍ട്ടിയിലെ യുവസഖാക്കളെ വേണ്ടുവോളം വെറുപ്പിച്ചിട്ടുണ്ട് യു പ്രതിഭാഹരി. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഫലം അടുക്കാറായതോടെയാണ് ചട്ടനെയും, പൊട്ടനെയും, ദൈവത്തെയും കൂട്ടി എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മരീചിക പോലെ മാഞ്ഞെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല. അല്‍സമയത്തിനകം അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന് പറഞ്ഞ എംഎല്‍എയുടെ പേജും ഇപ്പോള്‍ കാണാതായി. പക്ഷെ പാര്‍ട്ടിക്കാരിപ്പോഴും ചട്ടനെയും പൊട്ടനെയും തപ്പിക്കൊണ്ടിരിക്കുകയാണ്.

മുതിര്‍ന്ന മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിയിലെ സഖാക്കള്‍ പലരും പ്രചാരണത്തിനിറങ്ങിയില്ലെന്ന പരാതി സ്ഥാനാര്‍ത്ഥികളില്‍ ചിലരെങ്കിലും ഉന്നയിച്ചു കഴിഞ്ഞു. ജി സുധാകരന്റെ ചിത്രം മാറ്റി എ എം ആരിഫ് എംപിയുടെ ഫോട്ടോ വെച്ചായിരുന്നു മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാത്തിരുന്ന രാജ്യസഭാ സീറ്റ് മറ്റു ചിലര്‍ക്കായതറിഞ്ഞ് പൊട്ടിത്തെറിച്ചായിരുന്നു ജി സുധാകരന്റെ പ്രതികരണം. എല്ലാം കൊണ്ടും പരാതിയും പരിഭവവും.

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്നായിരുന്നു പ്രതിഭാ ഹരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതോടെ അണികളിലൊരു വിഭാഗം ജി സുധാകരനെ അനുകൂലിച്ച് കമന്റായെത്തി. കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തന്നെ കാലുവാരിയെന്നാണ് പ്രതിഭയുടെ പോസ്റ്റില്‍ നിന്ന് മനസിലാക്കാനാകുന്നതെന്ന് ഭൂരിപക്ഷവും കരുതുന്നു. വിവാദ പ്രസ്താവനകളിലൂടെ അടുത്ത ദിവസങ്ങളില്‍ രംഗത്തെത്തിയ ജി സുധാകരനെതിരായ ഒളിയമ്പായാണ് ഒരു വിഭാഗം അണികള്‍ പോസ്റ്റിനെ നോക്കിക്കാണുന്നത്. അതേസമയം പ്രചാരണത്തിനെത്തിയ എംപി എ എം ആരിഫ് എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണോ ഇതെന്നും വ്യക്തമല്ല. പ്രതിഭാഹരി എംഎല്‍എ നേരത്തെ വനിതാ മാധ്യമ പ്രവര്‍ത്തകരോട് ശരീരം വിറ്റ് ജീവിക്കാന്‍ ആഹ്വാനം ചെയ്ത പോസ്റ്റിലൂടെ വിവാദമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒന്നൊഴികെ മറ്റെല്ലാ സീറ്റുകളും നേടിയ ഇടതു മുന്നണി ഇത്തവണ അടിപതറുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കുത്തകയായിരുന്ന ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിലെ പ്രകടനത്തില്‍ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയിലെ സൈബര്‍ പോര് ആരംഭിക്കുന്നത്. ജില്ലയിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ക്കും കാലുവാരലുകള്‍ക്കും തുടര്‍ച്ചയായി ആണ് ഈ പോസ്റ്റിനെയും രാഷ്ട്രീയരംഗം വിലയിരുത്തുന്നത്.