എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമത വൈദികര്‍ ഇടഞ്ഞു തന്നെ, കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വൈദികര്‍ പ്രത്യക്ഷ സമരത്തില്‍

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഇന്ന് അസാധാരണമായ സംഭവവികാസങ്ങള്‍ അരങ്ങേറി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വിമതവിഭാഗം വൈദികർ പ്രത്യക്ഷസമരം ആരംഭിച്ചു. ബിഷപ്പ് ഹൗസിലാണ് വിമത വൈദികർ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്. വിമതവിഭാഗം വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയിരിക്കുന്നത്.    കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ വൈദികരെയും അത്മായരെയും  കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചും ആരോപണ വിധേയനായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണചുമതലയില്‍ നിന്നും നീക്കണമെന്നതും ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ദ്ദിനാളിനെ ഇന്നു രാവിലെ അരമനയില്‍ എത്തി സന്ദര്‍ശിച്ച 200 ഓളം വരുന്ന വൈദികര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചു. എന്നാല്‍ പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ വന്നതോടെ അതിരൂപത ആസ്ഥാനത്തു തന്നെ ഇവർ അനിശ്ചിതകാല ഉപവാസവും പ്രാര്‍ത്ഥനയും തുടങ്ങുകയായിരുന്നു.

വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന കര്‍ദ്ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റിലെ സിനഡ് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കു പകരം മാര്‍പാപ്പയുടെ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരുക. അതിരൂപതയ്ക്ക് സ്വീകാര്യനായ ആളെ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്ബിഷപ്പ് ആയി നിയമിക്കുക, സസ്പെന്റു ചെയ്യപ്പെട്ട ബിഷപ്പുമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വൈദികര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പ് വേണമെന്നാണ്  വൈദികരുടെ ആവശ്യം. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണമെന്നും വൈദികർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും വൈദികർ ആവശ്യപ്പെടുന്നു. സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ട് എത്തി ചർച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതുവരെ ഉപവാസസമരം തുടരുമെന്നും ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.