'പരീക്ഷക്ക് ഒരുങ്ങുന്ന' വിദ്യാര്‍ത്ഥിയെ എന്തിനായിരുന്നു ഇങ്ങിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസിനോട് കോടതി, കേസില്‍ ആദിത്യക്ക് ജാമ്യം

സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന് ആരോപിക്കപ്പെട്ട് റിമാന്‍ഡിലായ ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ആദിത്യക്ക് ജാമ്യം അനുവദിച്ചു. പൊലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിക്കൊണ്ടാണ് ആദിത്യയ്ക്ക്  എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ആദിത്യയെ അന്യായമായി തടവില്‍ വെച്ചതിനെ രൂക്ഷമായി കോടതി വിമര്‍ശിച്ചു. ഇത്രയും ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തത് എന്തിനാണെന്നും പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥിയോട് എന്തിനാണിങ്ങനെ പെരുമാറിയതെന്നും കോടതി ചോദിച്ചു.

തെളിവ് ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് തള്ളിയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന ആദിത്യയുടെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. പൊലീസിനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാടുമായോ നാലാം പ്രതി ടോണി കല്ലൂക്കാരനുമായോ ബന്ധപ്പെടാന്‍ പാടില്ല. ഇവര്‍ താമസിക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകണം എന്നീ വ്യവസ്ഥകളാണ് കോടതി മുന്നോട്ടു വെച്ചത്. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തീരുന്നതിന് മുമ്പ് ആദിത്യക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂന്ന് തവണ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചതിന് ശേഷമാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ പ്രതിചേര്‍ത്ത വൈദികരെ അറസ്റ്റ് ചെയ്യുന്നത് കോടതി ഇന്നലെ തടഞ്ഞിരുന്നു.