മടിയിൽ കനമില്ല, ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാൻ വന്നപ്പോൾ റോജി അഗസ്റ്റിനെ കണ്ടിരുന്നു; ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് എ. കെ ശശീന്ദ്രന്‍

മരംമുറി വിവാദത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകും. വനം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് പാടില്ല. കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും വനംമന്ത്രി വ്യക്തമാക്കി.

കൈക്കൂലി ആരോപണത്തില്‍ താൻ പ്രതികരിക്കാനില്ല. അത് അന്വേഷണത്തെ സ്വാധീനിക്കും. റോജി പരാതി പറയേണ്ടത് മാദ്ധ്യമങ്ങളോടല്ല. അദ്ദേഹത്തിന് അന്വേഷണസംഘത്തെ സമീപിക്കാം. റോജി അഗസ്റ്റിന്‍ കഴിഞ്ഞ ജൂണില്‍ തന്നെ കണ്ടിരുന്നു. തന്‍റെ മടിയിൽ കനമില്ല. ഒരു ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാൻ വേണ്ടിയാണ് റോജി എത്തിയത്. എന്നാൽ അസൗകര്യം കാരണം ചടങ്ങിൽ പങ്കെടുത്തില്ല. അദ്ദേഹത്തെ യാതൊരു തരത്തിലും താൻ സഹായിച്ചിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം മരങ്ങൾ മുറിക്കാൻ വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകേണ്ടി വന്നതായി പ്രതി റോജി അഗസ്റ്റിൻ വെളിപ്പെടുത്തി. ചോദിച്ച കൈമടക്ക് കൊടുത്തിട്ടും കടലാസുകൾ ശരിയാക്കാത്തതിന്റെ പേരിൽ സൗത്ത് വയനാട് ഡി.എഫ്.ഒയ്ക്ക് നേരെ റോജി ഫോണിൽ രോഷം കൊള്ളുന്നതിന്റെ ക്ളിപ്പും പുറത്ത് വിട്ടു.

എല്ലാ രേഖകളും നിയമപ്രകാരം ഹാജരാക്കിയാണ് മരം മുറിച്ചതും ലോറിയിൽ കൊണ്ടുപോയതും. തോട്ടത്തിലെ 56 മരങ്ങളാണ് മുറിച്ചത്. ഇതിനായി ഡി. എഫ്. ഒയ്ക്ക് 10 ലക്ഷവും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയ്ക്ക് രണ്ട് ലക്ഷവും മേപ്പാടി റേഞ്ച് ഓഫീസർക്ക് 5 ലക്ഷവും നൽകിയിട്ടുണ്ട്. ഓഫീസിലുള്ളവർക്കായി മൂന്ന് ലക്ഷം വേറെയും കൊടുത്തു. മുൻ റേഞ്ച് ഓഫീസക്ക് നേരത്തെ മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. മരം കടത്താനുളള പാസിനായി നടന്ന് മടുത്തിട്ടാണ് ഒടുവിൽ കൈക്കൂലി കൊടുത്തത്. പിന്നീട് സി.സി.എഫിന് മെയിൽ അയച്ചത് റേഞ്ച് ഓഫീസറാണ്. റവന്യൂ വകുപ്പിൽ ആരും പണം വാങ്ങിയിട്ടില്ലെന്നും റോജി വെളിപ്പെടുത്തി.