'മന്ത്രി പദവി പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരേണ്ടതില്ല'

ആര്‍എസ്പി (ലെനിനിസ്റ്റ്) നേതാവ് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം തുടങ്ങിയെന്ന വാര്‍ത്ത തള്ളി എ.കെ ശശീന്ദ്രന്‍. മന്ത്രി പദവി പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും ഇപ്പോള്‍ കേള്‍ക്കുന്നത് ഊഹോപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞുമോനാണ് കെ.ബി.ഗണേഷ്‌കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണിത് കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കം ആരംഭിച്ചത്. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തി.

എന്‍സിപി നേതൃത്വവുമായി കുഞ്ഞുമോന്‍ പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്(ബി)യില്‍ നിന്നു കെ.ബി.ഗണേഷ്‌കുമാറിനെ കൊണ്ടുവന്നു മന്ത്രിയാക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഗണേഷ്‌കുമാര്‍ പിന്നീടു പാര്‍ട്ടി നേതൃത്വത്തിന് അപ്രാപ്യനായി മാറിയേക്കുമെന്നു കണ്ടാണ് കുഞ്ഞുമോനെ നോട്ടമിട്ടത്.

സിപിഐഎമ്മില്‍ ചേര്‍ന്നു മന്ത്രിസ്ഥാനത്തെത്താന്‍ കുഞ്ഞുമോന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഎം നേതൃത്വം മനസ്സ് തുറന്നിരുന്നില്ല. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ തഴഞ്ഞു. ഇതിനു പിന്നാലെയാണ് എന്‍സിപിയുടെ ക്ഷണം എത്തുന്നത്. തനിക്കെതിരായ കേസ് തീര്‍പ്പാകുമ്പോള്‍, മന്ത്രിസ്ഥാനം കുഞ്ഞുമോന്‍ ഒഴിഞ്ഞുതരും എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍ കുഞ്ഞുമോനു വേണ്ടി വാദിക്കുന്നത്.

ഗണേഷാകുമ്പോള്‍ മന്ത്രിസ്ഥാനം തിരികെക്കിട്ടുമെന്നു പ്രതീക്ഷ വേണ്ടെന്നും ശശീന്ദ്രന് ഉപദേശം കിട്ടിയിരിക്കുന്നത്. ഗണേഷിന്റെ കാര്യത്തിലെ നിലപാട് തോമസ് ചാണ്ടി വിഭാഗത്തെ ബോധ്യപ്പെടുത്താനും ശശീന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പവാറിനെ കാണാന്‍ നേതാക്കള്‍ മുംബൈയ്ക്കു തിരിച്ചത്.