'പി.വി അന്‍വര്‍ ഇടതുമുന്നണിയിലെ പുഴുക്കുത്ത്; കുറേ പണവും സില്‍ബന്ധികളും, കൈയേറ്റവും, കള്ളത്തരങ്ങളും എന്നതിന് അപ്പുറം നിങ്ങള്‍ക്ക് വളര്‍ച്ചയില്ല'; കടന്നാക്രമിച്ച് എ.ഐ.വൈ.എഫ്

പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ .ഐ.വൈ.എഫ്. ഇടതുമുന്നണിയില്‍ കയറിക്കൂടിയ പുഴുക്കുത്താണ് പി.വി അന്‍വറെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഗവാസ്. നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മാത്രമാണ് പിന്തുണച്ചതെന്നും നിയമലംഘനങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഗവാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടതുപക്ഷം എന്നത് ചില നിലപാടുകളുടെ കൂടി പേരാണ്. സത്യവും നീതിയും സമഭാവനയും ഉയര്‍ത്തിപ്പിടിക്കുന്ന, വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ടവരുടെയും നിസ്സഹായരുടെയും ശബ്ദമായി മാറുന്ന നിലപാടുകളുടെ കരുത്താണ് ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത്.

ഒന്നിച്ചൊന്നായ് പോരാട്ട പാതയില്‍ അണിനിരക്കുന്നവര്‍ക്കിടയിലേക്ക് പല കാലങ്ങളിലും ചില നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. നല്ലതല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ കുന്നുകുടിയ സമ്പത്തിന്റെ ദന്തഗോപുരങ്ങളിലിരിക്കുന്ന ചിലര്‍ക്ക് അധികാര മോഹം വന്നു ചേരുക സ്വാഭാവികം. അധികാരത്തെ മറയാക്കി കൊള്ളരുതായ്മകള്‍ ചെയ്തു കൂട്ടുന്ന മറ്റു പലരേയും കാണുമ്പോള്‍ ഇത്തരം പണക്കാര്‍ക്കും മോഹമുദിക്കും. ഇത്തരത്തില്‍ ഇടതു മുന്നണിയില്‍ കയറി പറ്റിയ പുഴുക്കുത്താണ് പി.വി അന്‍വര്‍ എന്ന അന്‍വര്‍ മുതലാളി.

അധികാരത്തിന്റെ ബലത്തില്‍ നിയമങ്ങള്‍ ലംഘിച്ചും ജനങ്ങളെ വെല്ലുവിളിച്ചും മുതലാളി മുന്നോട്ട് പോവുകയാണ്. ഒരിക്കലും ഈ മുതലാളിയുടെ കടന്നുകയറ്റങ്ങള്‍ക്ക് മുമ്പില്‍ സി പി ഐ പതറി നിന്നിട്ടില്ല. അതു കൊണ്ട് തന്നെയാണ് അന്‍വര്‍ മുതലാളിക്ക് എന്നും സി പി ഐ ശത്രുപക്ഷത്താവുന്നത്.

രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളൊരു പൊതു തെരഞ്ഞെടുപ്പാണ് നടക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് കള്‍ക്ക് മുന്നില്‍ മുട്ടുമടക്കണമോ, രാജ്യം അതിന്റെ അന്തസത്തയോടെ നിലനില്‍ക്കണമോ എന്ന ചോദ്യത്തോടെയാണ് നാം തെരഞ്ഞെടുപ്പിനെ നേരിട്ടത്.അത്തരമൊരു ഘട്ടത്തില്‍ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എന്നത് മാത്രമാണ്
അന്‍വറിനെ പിന്തുണക്കുന്നതിലെ സി.പി.ഐ ശരി.

Read more

വയനാട്ടിലും ഏറനാടും മത്സരിച്ചപ്പോള്‍ എതിര്‍ത്തതും, നിലമ്പുരില്‍ പിന്തുണച്ചതും, കക്കാടംപൊയിലില്‍ സമരം നടത്തിയതും ആ ഇടത്പക്ഷ ശരിയുടെ ഭാഗമാണ്.പൊന്നാനിയില്‍
അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ സി.പി.ഐ യെ നയിച്ചത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയത്തിന്റെ കരുത്താണ്. അന്‍വര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷം എന്ന ബോധമാണ് ഞങ്ങളെനയിച്ചത്.
സ്ഥാനാര്‍ത്ഥി ഒരു പ്രതീകം മാത്രം, കത്രിക അതിനായുള്ള ഒരു അടയാളവും. തെരഞ്ഞെടുപ് കഴിഞ്ഞതോടെ അന്‍വര്‍ വെറും അന്‍വാറുകുന്നു. പക്ഷേ സി.പി.ഐ. ഒരിക്കലും മാറുന്നുമില്ല.
പ്രിയ അന്‍വര്‍ നിങ്ങളുടെ ലോകം വളരെ ചെറുതാണ്. കുറേ പണവും സില്‍ബന്തികളും, കയ്യേറ്റവും, കള്ളത്തരങ്ങളും എന്നതിനപ്പുറം ആ ലോകത്തിന് വളര്‍ച്ചയില്ല. ഞങ്ങളുടെ ലോകം വളരെ വലുതാണ്. അത് തിരിച്ചറിയാനുള്ള വലുപ്പം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവുകയുമില്ല.