പാട്ടയം ഭൂമി മറിച്ചു വില്‍ക്കാന്‍ എയര്‍ ഇന്ത്യ ശ്രമം; തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാട്ടത്തിന് നല്‍കിയ ഭൂമി വിറ്റ് കടം വീട്ടാനുളള എയര്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍. എയര്‍ ഇന്ത്യ ഭൂമി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പാട്ടത്തിന് നല്‍കിയതും വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയതുമായ എല്ലാ ഭൂമിയുടെയും കണക്ക് ശേഖരിച്ച് ഭൂമി സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. ഭൂമിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കാനും റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.പാട്ടഭൂമി വില്‍ക്കാനുളള നീക്കം തടയുന്നതിന്റെ ഭാഗമായാണ് ഈ തയാറെടുപ്പ്.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മാത്രം നാലിടത്ത് എയര്‍ ഇന്ത്യയ്ക്ക് ഭൂമിയുണ്ട്. ചാക്കയില്‍ ഹാംഗര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ കൈമാറിയ സ്ഥലം, എന്‍.സി.സി നഗറിലെ റസിഡന്‍ഷ്യല്‍ പ്‌ളോട്ട്, മാസ്‌കോട്ട് ഹോട്ടലിന് എതിര്‍വശത്തും വെളളയമ്പലത്തും ഓഫീസ് കെട്ടിടത്തിന് നല്‍കിയ സ്ഥലം എന്നിവയാണവ. പെരുകുന്ന കടക്കെണി ഒഴിവാക്കാന്‍ ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്ന എയര്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ ലേലത്തിന് വെയ്ക്കുന്ന സ്ഥലങ്ങളില്‍ എന്‍.സി.സി നഗറിലെ ഭൂമിയുമുണ്ട്. 24.79 ആര്‍ ഭൂമിയാണ് പേരൂര്‍ക്കടയ്ക്ക് സമീപത്തെ എന്‍.സി.സി നഗറില്‍ എയര്‍ ഇന്ത്യയുടെ പക്കലുളളത്. ഈ മാസം 30നകം ലേലനടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി വിറ്റൊഴിയാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡിങ്ങ് കോര്‍പ്പറേഷനാണ് ഇ-ലേലത്തിന്റെ ചുമതല.

രാജ്യത്തിന്റെ ഔദ്യോഗിക വ്യോമയാന കമ്പനി എന്നനിലയ്ക്കാണ് എയര്‍ ഇന്ത്യയ്ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാന നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഭൂമി നല്‍കിയത്. ആദ്യം ഓഫീസ് സ്ഥാപിക്കാനാണ് സ്ഥലം നല്‍കിയതെങ്കില്‍ പിന്നീട് താമസസൗകര്യത്തിനും വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമി അനുവദിച്ചു. ഏറ്റവും ഒടുവില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് വിമാനങ്ങളുടെ അറ്റകുറ്റപ്പണിയ്ക്ക് വേണ്ടി ഹാംഗര്‍യൂണിറ്റ് സ്ഥാപിക്കാന്‍ ചാക്കയില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് വസ്തു കൈമാറിയത്. കൃഷി വകുപ്പിന്റെ കീഴിലുളള ട്രിവാന്‍ഡ്രം റബര്‍വര്‍ക്‌സിന്റെ ഭൂമിയായിരുന്നു അത്.പുതിയ സ്ഥാപനം വരുന്നത് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കാഴ്ചപ്പാടിലായിരുന്നു വസ്തുകൈമാറ്റം.വയലാര്‍രവി വ്യോമയാന വകുപ്പിലുളളപ്പോഴായിരുന്നു കൈമാറ്റം.

കടബാധ്യതയിലെ ഒരുഭാഗം അടച്ച് തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ച പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിയുടെ കൈവശമിരിക്കുന്ന ഭൂമി വില്‍ക്കാന്‍ എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് തീരുമാനിച്ചത്.കടം തീര്‍ക്കാനുളള അടുത്ത നടപടിയായ ഓഹരി വിറ്റഴിക്കലിന് മുന്‍പ് ഭൂമി വില്‍പ്പന പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍ ഉദ്യോഗമണ്ഡലില്‍ ഫാക്ടിന് ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരിച്ചുചോദിച്ചപ്പോള്‍ കേന്ദ്രരാസവള മന്ത്രാലയം വന്‍തുക ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളോടുളള നയത്തില്‍ മാറ്റം വരുത്താന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്.ഇതിന്റെ ഭാഗമായി കേന്ദ്രസ്ഥാപനങ്ങള്‍ക്ക് കൈമാറിയ വസ്തുവകകളുടെ വില്‍പ്പനയും അന്യാധീനപ്പെടുന്ന നടപടികളും തടയാന്‍ മുന്‍കൂട്ടി അവകാശം ഉന്നയിച്ചും നിയമ വഴികള്‍ തേടാനും ഉത്തരവിട്ടിരുന്നു. ഇതിനായി പ്രത്യേക നീരീക്ഷണസെല്‍ രൂപീകരിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്്. ഇതിനിടയിലാണ് കേരളത്തിലെയടക്കം കണ്ണായസ്ഥലങ്ങളിലുളള ഭൂമി വിറ്റഴിക്കാനുളള എയര്‍ഇന്ത്യയുടെ നീക്കം പുറത്താവുന്നത്.