പ്രളയബാധിതരെ കാണാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്

പ്രളബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തും. ഓഗസ്റ്റ് 26-ന് എത്തുന്ന രാഹുല്‍ പ്രളയബാധിതരുമായും നേതാക്കളുമായി ചര്‍ച്ച നടത്തും.

നേരത്തെ കനത്ത മഴ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പടെയുള്ള പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു.കോഴിക്കോട് കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു രാഹുല്‍ ആദ്യം എത്തിയത്. പിന്നീടാണ് പുത്തുമലയിലേക്ക് പോയത്. ദുരന്തം നേരില്‍ കണ്ട് വിലയിരുത്തിയ അദ്ദേഹം കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പനമരം മുണ്ടേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയിരുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ കത്തയച്ചു. കൂടാതെ കര്‍ഷകവായ്പ മൊറട്ടോറിയം തിയതി നീട്ടണമെന്ന് റിസര്‍വ് ബാങ്കിനോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വയനാട്ടിലെത്തിയ രാഹുല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കുകയും 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും എം.പി ഓഫീസ് മുഖേന വയനാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.