ജന്മാഷ്ടമി ദിനത്തില്‍ പേര്‍ഷ്യന്‍ ഭാഷയിലുള്ള ഭഗവത്ഗീതയുടെ കയ്യെഴുത്ത് പ്രതി സമ്മാനിച്ച് ഡോ. ടി. പി അഹമ്മദലി

ജന്മാഷ്ടമി ദിനത്തില്‍ ഭഗവത്ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലുള്ള  കയ്യെഴുത്ത് പ്രതി നഗരസഭയുടെ വായനശാലയ്ക്ക് സമ്മാനിച്ച് കാസര്‍ഗോഡ് സ്വദേശി ഡോക്ടര്‍ ടി പി അഹമ്മദലി. നാല്‍പ്പതു കൊല്ലം മുമ്പ് ഇംഗ്ളണ്ടില്‍ നിന്നാണ് 840 പേജുകളുള്ള ഭഗവത്ഗീതയുടെ കയ്യെഴുത്ത് പ്രതി അഹമ്മദലി സ്വന്തമാക്കിയത്.

പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്ന ഷെയ്ഖ് അബു അല്‍ ഫൈസിയാണ് ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. ചിത്രങ്ങള്‍ ഉള്‍പ്പടെ ഗദ്യരൂപത്തിലാണ് കയ്യെഴുത്ത് പ്രതി

മംഗളൂരു ദേര്‍ലകട്ടെയിലെ മാംഗളൂര്‍ സര്‍വകലാശാലയ്ക്ക് സമീപമാണ് എഴുപത്തിയെട്ടുകാരനായ ടി പി അഹമ്മദലിയുടെ താമസം.അഹമ്മദലിയുടെ പിതാവ് പരേതനായ തെക്കില്‍ പുതിയ മാളിക മുഹമ്മദ് കുഞ്ഞി സംഭാവന ചെയ്ത സ്ഥലത്താണ് കാസര്‍ഗോഡ് മഹാത്മാഗാന്ധി സെന്റിനറി മെമ്മോറിയല്‍ മുനിസിപ്പല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പേര്‍ഷ്യന്‍ ഭഗവദ്ഗീത പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടി പി അഹമ്മദലി പറഞ്ഞു.