ഓഖിയുടെ കലിയടങ്ങിയപ്പോൾ തീരത്തു ചാകര, ചാള വില 40 രൂപ, അയലയുടെ വിലയും താഴ്ന്നു

ഓഖി ചുഴലിക്കാറ്റിന്റെ കലിയടങ്ങിയപ്പോൾ കേരളത്തിന്റെ കടലോരത്തു, പ്രത്യേകിച്ച് മധ്യകേരളത്തിൽ മൽസ്യ ചാകര. വൻതോതിൽ അയലയും ചാളയുമായാണ് വള്ളങ്ങളും ബോട്ടുകളും തീരമണയുന്നത്. അതുകൊണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി താങ്ങാനാകാത്ത വിധത്തിൽ ഉയർന്ന മൽസ്യവില ഇപ്പോൾ പ്രകടമായി കുറഞ്ഞു. 160 രൂപ വരെ ഉയർന്ന ചാളയുടെ വില 40 രൂപയിലേക്കു താഴ്ന്നിട്ടുണ്ട്. അതുപോലെ ആഴ്ചകളായി ദൗർലഭ്യം നേരിട്ടിരുന്ന അയല, വിപണികളിൽ വീണ്ടും സുലഭമായി തുടങ്ങി . വില 130 -140 രൂപയിലേക്കും കുറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനു മുൻപ് 180 -200 രൂപ വരെ ചില്ലറ വില്പന വില ഉയർന്നിരുന്നു.

ഇതോടൊപ്പം മറ്റു മത്സ്യങ്ങളും കൂടുതലായി മാർക്കറ്റിൽ എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പാമ്പാട, ചൂര, പൂമീൻ തുടങ്ങിയ ഇനങ്ങളാണ് തൊട്ടടുത്തുള്ളത്. ഒപ്പം കൊഴുവയും ഉണ്ട്. എന്നാൽ ഓഖിക്കു മുൻപ് എത്തിയിരുന്ന കിളിമീൻ ഇപ്പോൾ കുറവാണ്. അതുപോലെ വില കൂടുതലുള്ള ഇനങ്ങളായ ചെമ്മീൻ, കണവ. കൂന്തൽ തുടങ്ങിയ ഇനങ്ങളും താരതമ്യേന കുറവാണ്. അതുകൊണ്ട് ഇവയ്ക്കും പുഴ മൽസ്യങ്ങളായ കരിമീൻ, കാളാഞ്ചി, കണമ്ബ് തുടങ്ങിയ ഇനങ്ങൾക്കും പൊതുവെ ഉയർന്ന വിലയുണ്ട്.

ഓഖിക്കു ശേഷം ബോട്ടുകൾ പൂർണ്ണ തോതിൽ കടലിൽ പോയി തുടങ്ങിയിട്ടില്ല. കുറച്ചു ബോട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് തീരമണഞ്ഞത്. എന്നാൽ വള്ളങ്ങൾ കടലിൽ പോകുന്നത് പൂർവ സ്ഥിതിയിലായിട്ടുണ്ട്. കാറ്റ് കൂടുതൽ നാശം വിതച്ച തെക്കൻ ജില്ലകളിൽ ഹാർബറുകൾ ഇനിയും സജീവമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആഴക്കടലിലേക്ക് പോകാൻ ബോട്ടിലെ തൊഴിലാളികൾക്ക് ഇപ്പോഴും ആശങ്കയുണ്ട്.

അതിനിടെ, മൽസ്യവില കുറയുന്നതിൽ ബോട്ടുടമകൾക്കും തൊഴിലാളികൾക്കും ആശങ്കയുണ്ട്. കയറ്റുമതിക്കാരിൽ നിന്നുള്ള ഡിമാന്റും ചാള ഉൾപ്പടെയുള്ള മൽസ്യങ്ങൾ കാലിത്തീറ്റ ഉത്പാദനത്തിനും മറ്റുമായി അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നതും വില വൻ താഴാതെ നിർത്തുന്നു എന്നാണ് വിവിധ ഹാർബറുകളിലെ വ്യാപാരികൾ പറയുന്നത്.