സ്വർണക്കടത്ത് പിടിച്ച ശേഷം വിളിച്ചത് മാധ്യമ പ്രവർത്തകൻ എന്ന് സ്വപ്‍ന

സ്വർണക്കടത്ത് പിടിക്കപ്പെട്ട ശേഷം തിരുവനന്തപുരത്തെ ഒരു ദൃശ്യമാധ്യമ പ്രവർത്തകൻ ഫോണിൽ വിളിച്ചെന്ന് പ്രതി സ്വപ്നയുടെ മൊഴി. പിടിച്ചത് നയതന്ത്ര ബാഗേജ് അല്ല വ്യക്തിപരമായ ബാഗേജ് ആണെന്ന് യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ മൊഴി നൽകിയാൽ മതിയെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞതായുമാണ് സ്വപ്നയുടെ മൊഴി.

കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത ജൂലൈ 5- ന് ഉച്ചയ്ക്ക് ശേഷമാണ് ഈ ഫോൺ വിളി എന്നതിനാൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട് എന്നുമാണ് മലയാള മനോരമ റിപ്പോർട്ട്.

2018-ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് ഈ മാധ്യമ പ്രവർത്തകനെ കണ്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി യു.എ.ഇ യുമായി നല്ല ബന്ധമുണ്ടാകാൻ ബി.ജെ.പിയെ സഹായിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടെന്നും സ്വപ്‍ന കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തന്റെ ഫോണില്‍ നിന്നും വിളിച്ചിരുന്നതായി‌ സംഘപരിവാർ അനുകൂല ചാനലിന്റെ ചീഫ് നേരത്തെ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.