കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി; 14 പന്നികള്‍ ചത്തു

കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 14 പന്നികളാണ് ഇതുവരെ ചത്തത്. പന്നിപ്പനിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.

നേരത്തെ വയനാട്ടിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.മാനന്തവാടിയിലെ ഫാമിലാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഫാമിലെ മുഴുവന്‍ പന്നികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ല. എങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.