സഹോദരന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച അഫ്ര ഇനി കണ്ണീരോര്‍മ്മ

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായിരുന്ന കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ അഫ്ര അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിമൂന്ന് വയസായിരുന്നു. എസ്എംഎ രോഗബാധിതനായ സഹോദരന് വേണ്ടി വീല്‍ ചെയറിലിരുന്ന് സഹായ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് അഫ്ര ജനശ്രദ്ധ നേടിയിരുന്നു.

രോഗം തിരിച്ചറിയാന്‍ വൈകുകയും ആവശ്യമായ മരുന്ന് കിട്ടാതിരിക്കുകയും ചെയ്തതോടെ അഫ്രയുടെ ജീവിതം വീല്‍ ചെയറില്‍ ആകുകയായിരുന്നു. താന്‍ അനുഭവിച്ച വേദന തന്റെ സഹോദരനായ മുഹമ്മദിന് ഉണ്ടാകരുതെന്നായിരുന്നു അഫ്ര ആഗ്രഹിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അഫഅരയുടെ അഭ്യര്‍ത്ഥനയിലൂടെ 46 കോടിയുടെ സഹായമാണ് ഇവരിലേക്ക് ഒഴുകിയെത്തിയത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവെച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. അഫ്രക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ചികിത്സ നടക്കുന്നതിനിടെയാണ് അഫ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.