കേരളത്തിൽ വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും: അഡ്വ. എ. ജയശങ്കർ

സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കേരളത്തിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും കിറ്റെക്സ് ​ഗ്രൂപ്പ് പിന്മാറിയിരുന്നു. അതേസമയം വ്യവസായ തുടങ്ങുന്നതിനായി കിറ്റെക്സിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് അവിടുത്തെ സർക്കാർ മുന്നോട്ട് വന്നിരുന്നു. തെലങ്കാന സര്‍ക്കാരിന്റ ഭാഗത്തു നിന്ന് ഒരു തരത്തിലുമുള്ള ശല്യമോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകിയതായി കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു.

കിറ്റെക്സിന്റെ കേരളത്തിൽ നിന്നുള്ള പിന്മാറ്റം വലിയ ചർച്ചയായിരിക്കെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദർശനത്തിനു ശേഷം ജപ്പാനിൽ നിന്ന് നിരവധി വ്യവസായികൾ ഇങ്ങോട്ടു പോരാൻ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഗൾഫ്, യൂറോപ്പ്, അമേരിക്കൻ മുതലാളിമാരും പിന്നാലെയെത്തും. അങ്ങനെ സംസ്ഥാനത്ത് വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും എന്ന് ജയശങ്കർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.

അഡ്വ. എ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ട.

ഒരു സാബു പോയാൽ ഒമ്പത് സാബുമാർ വരും. കിറ്റെക്സ് പൂട്ടിയാൽ റിലയൻസ് തുറക്കും.

മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദർശനത്തിനു ശേഷം ജപ്പാനിൽ നിന്ന് നിരവധി വ്യവസായികൾ ഇങ്ങോട്ടു പോരാൻ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഗൾഫ്, യൂറോപ്പ്, അമേരിക്കൻ മുതലാളിമാരും പിന്നാലെയെത്തും. അങ്ങനെ സംസ്ഥാനത്ത് വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും.