നൂറ് കോടി തട്ടിപ്പ്; കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു, അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു

കോടികളുടെ വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു.

സഹകരണസംഘം മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ എം സി അജിത്താണ് വ്യാഴാഴ്ച ചുമതലയേറ്റത്. ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ അന്വേഷണം നടത്തി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതികള്‍ ചേര്‍ന്ന് ഒരാള്‍ക്കുതന്നെ ഒന്നിലധികം വായ്പ നല്‍കുക, ഒരു വസ്തുവിന്റെതന്നെ ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കുക, മെമ്പര്‍ഷിപ്പ് ഇല്ലാത്തയാള്‍ക്ക് വ്യാജരേഖകള്‍ ചമച്ചും ബാങ്ക് സോഫ്റ്റ്വെയറില്‍ ക്രമക്കേട് നടത്തിയും വസ്തു ഉടമകള്‍ അറിയാതെ വായ്പയെടുക്കുക തുടങ്ങിയ ക്രമേക്കടുകള്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല് ജീവനക്കാരെ സസ്പന്റ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും വകുപ്പുതല അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.