വയനാട്ടില്‍ ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവം; പ്രതി അറസ്റ്റില്‍

വയനാട്ടില്‍ ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. അയല്‍വാസിയായ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ ഇയാളെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് രാധാകൃഷ്ണന്‍ കുട്ടികളെ മര്‍ദ്ദിച്ചത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ഒരാള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. ശീമക്കൊന്ന ഉപയോഗിച്ചാണ് കുട്ടികളെ അടിച്ചത്.

അടിയില്‍ കുട്ടികളുടെ കാലിലും പുറത്തും പരിക്കേറ്റു. നടക്കാന്‍ പോലും വയ്യാത്ത നിലയിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ രാധാകൃഷ്ണന് എതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പ്രതി ഒളിവില്‍ പോയത്. അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ശിശു സംരക്ഷണ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.