വയനാട്ടില്‍ ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവം; നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

വയനാട്ടില്‍ ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് വയനാട് ശിശു സംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടും. നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് അയല്‍വാസിയായ രാധാകൃഷ്ണനാണ് മര്‍ദ്ദിച്ചത്.

ഇയാള്‍ക്ക് എതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ഒരാള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോള്‍ തനിക്ക് എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു.

ശീമക്കൊന്ന ഉപയോഗിച്ചാണ് കുട്ടികളെ അടിച്ചത്. അടിയില്‍ കുട്ടികളുടെ കാലിലും പുറത്തും പരിക്കേറ്റു. നടക്കാന്‍ പോലും വയ്യാത്ത നിലയിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തത്.അതേസമയം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും ഉടനെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.