എ.ഡി.ജി.പിമാരായ ടോമിൻ ജെ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം

 

കേരള കേഡറിലെ രണ്ട് മുതിർന്ന എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവിയായ ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്കിലാണ് സ്ഥാനക്കയറ്റം. റോഡ് സുരക്ഷ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

ഇരുവരും 1987- ലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരാണ്. ലോക്‌നാഥ് ബെഹ്റ, ഋഷിരാജ് സിംഗ് , ആർ ശ്രീലേഖ എന്നിവരാണ് ഡി.ജി.പി റാങ്കിലുള്ള മറ്റുള്ളവർ. ടോമിൻ തച്ചങ്കരിയുടെ നിയമന ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി.