നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കി, ശരത്തിനെ പ്രതിചേര്‍ത്ത് കുറ്റപത്രം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി. ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ശരത്താണെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. 125 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും 80 ഓളം പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അതേസമയം തുടരന്വേഷണത്തിന് കൂടൂതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വിചാരണക്കോടതിയില്‍ ഉടന്‍ തന്നെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

ദിലീപിന്റെ കൈവശം ദൃശ്യങ്ങള്‍ എത്തിയെന്നതിന് മൂന്ന് കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഒന്ന് ശരത് വീട്ടില്‍ കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ്. ദൃശ്യങ്ങളെ കുറിച്ച് ദിലീപും സഹോദരന്‍ അനുപൂം സുഹൃത്ത് ശരത്തുമടക്കമുള്ളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്.

Read more

അനൂപിന്റെ ഫോണിന്റെ ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുള്ള നാല് പേജ് വിവരണം ലഭിച്ചിരുന്നു. ഇതും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.