നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാണ് ആവശ്യം. ജഡ്ജിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനനീതി സംഘടനയാണ് കത്ത് നല്‍കിയിരിക്കുന്നത്. സംഘടന ചെയര്‍മാനായ എന്‍. പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയത്.

കേസന്വേ,ണ ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു എസ് ശ്രീജിത്തിനെ നീക്കിയതോടെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മെയ് 19നകം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മറുപടി നല്‍കണം. എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

കേസന്വേഷണം മെയ് 30ന് ഉള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.

വിസ്താരത്തിനിടെ സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പടെയുള്ള പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയത് തിരിച്ചടിയായിരുന്നു. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. സാക്ഷികളെ കൂറുമാറ്റാന്‍ ദിലീപും മറ്റുള്ളവരും ശ്രമിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം ഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.